ഭൂമിയാംകുളം സ്റ്റേഡിയംപാറ വ്യൂ പോയിന്റില്‍ കാഴ്ചകളേറെ: അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് നാട്ടുകാര്‍
ഭൂമിയാംകുളം സ്റ്റേഡിയംപാറ വ്യൂ പോയിന്റില്‍ കാഴ്ചകളേറെ: അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് നാട്ടുകാര്‍

ഇടുക്കി : വിനോദസഞ്ചാര കേന്ദ്രമായ ഭൂമിയാംകുളം സ്റ്റേഡിയംപാറ വ്യൂ പോയിന്റില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് സന്ദര്‍ശകരെ ബുദ്ധിമുട്ടിക്കുന്നു. കാഴ്ചകള്‍ കാണാന്‍ വാച്ച് ടവര്‍ നിര്‍മിക്കണമെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍ക്കാരിനും ത്രിതല പഞ്ചായത്തുകള്‍ക്കും പലതവണ നിവേദനം നല്‍കിയിട്ടും അവഗണിച്ചതായി ആക്ഷേപമുണ്ട്.
കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന സഹ്യ പര്‍വത മലനിരകളുടെയും പാല്‍ക്കുളംമേടിന്റെയും ചെറുതോണി അണക്കെട്ടിന്റെയും കല്യാണത്തണ്ട് കാല്‍വരിമൗണ്ട് മലനിരകളുടെയും വിദൂരക്കാഴ്ചകളാണ് ഭൂമിയാംകുളം സ്റ്റേഡിയംപാറ വ്യൂ പോയിന്റിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. കൂടാതെ ഇടുക്കി അണക്കെട്ടിനെ ബന്ധിപ്പിക്കുന്ന കുറവന്‍ കുറത്തി മലകള്‍, പൈനാവ് കുയിലിപ്പാറ വ്യൂ പോയിന്റ്, പാണ്ടിപ്പാറ, വാഴത്തോപ്പ് ഉള്‍പ്പെടെയുള്ള താഴ്‌വാരങ്ങളുടെ അതിമനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്ന് കാണാനാകും. സദാസമയവും വീശിയടിക്കുന്ന തണുത്ത കാറ്റും കോടമഞ്ഞും ഇവിടുത്തെ പ്രത്യേകതകളാണ്. കാല്‍പനിക കഥകളിലെ കാന്‍വാസുകളില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങള്‍ പോലെ അതിസുന്ദരമാണ് ഭൂമിയാംകുളം എന്ന കാര്‍ഷിക ഗ്രാമത്തില്‍ നിന്നുള്ള കാഴ്ചകള്‍.
സന്ദര്‍ശകരെ ഇവിടേയ്ക്ക് വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്ന കാഴ്ചകളാണ് ടൂറിസം വികസനത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ വാച്ച് ടവര്‍ ഉള്‍പ്പെടെ നിര്‍മിച്ച് പ്രദേശത്തിന്റെ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ആവശ്യത്തോട് അധികൃതര്‍ മുഖംതിരിക്കുന്നു.
ഇടുക്കിയില്‍ കുടിയേറ്റകാലം മുതല്‍ കര്‍ഷകര്‍ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് ഭൂമിയാകുളം. പ്രദേശത്തിന്റെ കാലാവസ്ഥയും സുന്ദരമായ ഭൂപ്രദേശങ്ങളും ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഓശാന എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ഭൂമിയാകുളമായിരുന്നു. സ്റ്റേഡിയംപാറ വ്യൂ പോയിന്റില്‍ വാച്ച് ടവര്‍ നിര്‍മ്മിച്ചാല്‍ പ്രദേശത്തിന്റെ വികസനത്തിന് വഴിതെളിക്കും. വാഴത്തോപ്പ് പഞ്ചായത്ത് 1, 2, 6 വാര്‍ഡുകള്‍ അതിര്‍ത്തികള്‍ പങ്കിടുന്ന മേഖലയില്‍ വികസനം എത്തിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയും മൗനം പാലിക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ വിഷയത്തില്‍ ഇടപെടണമെന്ന് പ്രദേശത്തെ കര്‍ഷകരുടെ ആവശ്യം.
What's Your Reaction?






