വണ്ടിപ്പെരിയാര്‍ സത്രം കാനനപാതയിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
വണ്ടിപ്പെരിയാര്‍ സത്രം കാനനപാതയിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം കാനന പാതവഴി എത്തുന്ന അയ്യപ്പഭക്തര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വിവിധ വകുപ്പുകളുടെയും സ്വകാര്യ വ്യക്തികളുടെയും നേതൃത്വത്തില്‍ ദിവസേന 5000 അയ്യപ്പഭക്തര്‍ക്ക് കടന്നുപോകാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ മുഴുവനും പരിഹരിച്ചതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബോബി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇവിടെ പ്രവര്‍ത്തിക്കുന്ന കടകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ സമയം ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഇല്ലാത്ത കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുകയും മുഴുവന്‍ കടകള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തുകയും ചെയ്തു. 30 കടകളാണ് സത്രത്തില്‍ മാത്രം പ്രവര്‍ത്തിച്ചു വരുന്നത്. ഇതില്‍ 20 എണ്ണത്തില്‍ അയ്യപ്പഭക്തര്‍ക്ക് വിരി വയ്ക്കുന്നതിനും, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ നിന്നുമാണ് കൂടുതല്‍ അയ്യപ്പഭക്തര്‍ ഇതുവഴിയെത്തുന്നത്. ഇതുകൂടാതെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ പ്രദേശത്തുനിന്നും ശബരിമല ദര്‍ശനത്തിനായി ഭക്തര്‍ എത്തുന്നുണ്ട്. വനം വകുപ്പ്, പൊലീസ്, കെഎസ്ആര്‍ടിസി, റവന്യു വകുപ്പ്, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി തുടങ്ങിയ എല്ലാ വകുപ്പുകളുടെയും സേവനം ഇവിടെ ലഭ്യമാണ്.
What's Your Reaction?






