വാഗ്ദാനങ്ങളില്‍ ഒതുങ്ങി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിയമനം
വാഗ്ദാനങ്ങളില്‍ ഒതുങ്ങി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിയമനം

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടിയായില്ല. ഡോക്ടര്‍മാരുടെ അഭാവം മൂലം ആശുപത്രിയിലെത്തുന്ന നൂറിലേറെ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. തിങ്കളാഴ്ച 3 ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. അതിനാല്‍ രാവിലെ മുതല്‍ കാത്തുനിന്ന ചിലര്‍ ഡോക്ടറെ കാണാതെ മടങ്ങി. തോട്ടം ആദിവാസി മേഖലകളില്‍ നിന്നുള്ള സാധാരണക്കാരായ ആളുകളുടെ ഏക ആശ്രയമാണ് താലൂക്ക് ആശുപത്രി. ഇവിടെയെത്തുന്ന ആളുകള്‍ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇത് താലൂക് ആശുപത്രിയെ അടച്ച് പൂട്ടലിലേക്ക് എത്തിക്കും. അതുവഴി ചില സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരാതിയുണ്ട്. 12 ഡോക്ടര്‍മാരുടെ തസ്തികയുള്ളിടത്ത് 3പേര്‍ മാത്രമാണുള്ളത്. ഇത് നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലി ഭാരം കൂട്ടുന്നതിനും കാരണമാകുന്നുണ്ട്. ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള ചില ഡോക്ടര്‍മാര്‍ സ്വന്തം താല്‍പര്യപ്രകാരം മറ്റ് ആശുപത്രിയിലേക്ക് മാറിപ്പോകുന്നുവെന്നും ആക്ഷേപമുണ്ട്.
പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഡിഎംഒ യെ നേരില്‍ കണ്ട് വിഷയം ധരിപ്പിക്കുമെന്നും നടപടി ഉണ്ടാവാത്ത പക്ഷം റിലേ നിരാഹാര സമരത്തിന് ഒരുങ്ങുകയുമാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി.
What's Your Reaction?






