കട്ടപ്പന നഗരസഭാ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി
കട്ടപ്പന നഗരസഭാ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാത്ത ഭരണസമിതിയുടെ അനാസ്ഥക്കെതിരെ ഡിവൈഎഫ്‌ഐ നഗരസഭ ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസല്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയെ പിന്നോട്ടടിക്കുന്ന നയമാണ് യുഡിഎഫ് ഭരണസമിതി തുടരുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രതിദിനം പതിനായിരക്കണക്കിന് ആളുകള്‍ എത്തുന്ന നഗരത്തിലെ ഭൂരിഭാഗം റോഡുകളും സഞ്ചാരയോഗ്യമല്ല. പോക്കറ്റ് റോഡുകളില്‍ ഉള്‍പ്പെടെ കുഴികളാണ്. വാഹനയാത്രികര്‍ ഏറെ ബുദ്ധിമുട്ടിയാണ് ടൗണിലെത്തി മടങ്ങുന്നത്. റോഡുകളുടെ ശോച്യാവസ്ഥയെ തുടര്‍ന്ന് ആളുകള്‍ ടൗണിലെത്താന്‍ താല്‍പര്യം കാട്ടുന്നില്ല. ഇത് വ്യാപാര മേഖലയേയും ബാധിക്കും. മഴ പെയ്യുമ്പോള്‍തന്നെ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് വെള്ളത്തിലാകും. കാല്‍നടയാത്രികരും ദുരിതത്തിലാണ്. പ്രതിദിനം 150ലേറെ ബസുകള്‍ എത്തുന്ന സ്റ്റാന്‍ഡിലേക്കുള്ള അപ്രോച്ച് റോഡുകളും ഗതാഗതയോഗ്യമല്ലാതായിക്കഴിഞ്ഞു. മറ്റ് അടിസ്ഥാന സൗകര്യങ്ങളും നഗരത്തിലില്ല. ഭരണസമിതിയുടെ തലതിരിഞ്ഞ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ എം ശിവകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം, നിയാസ് അബു, ഫ്രെഡ്ഡി മാത്യു, അനുമോന്‍ രാജു, എം എം ജിത്തു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






