നീതി ലഭിക്കുംവരെ യുഡിഎഫ് സാബുവിന്റെ കുടുംബത്തിനൊപ്പം: ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി
നീതി ലഭിക്കുംവരെ യുഡിഎഫ് സാബുവിന്റെ കുടുംബത്തിനൊപ്പം: ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി

ഇടുക്കി: സഹകരണ മേഖലയില്‍ നിക്ഷേപം തിരികെ കിട്ടാതെ നടക്കുന്ന ഓരോ ആത്മഹത്യയുടെയും ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്വമുണ്ടെന്നും ഒരാള്‍ പോലും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കണം. ജില്ലാ ബാങ്കുകള്‍ പിരിച്ചുവിട്ട് കേരള ബാങ്കില്‍ ലയിപ്പിച്ചതിന്റെ ദുരന്ത ഫലങ്ങളാണ് ഈ ആത്മഹത്യകള്‍. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് സമയബന്ധിതമായ സഹായം കിട്ടാതെ അനാഥത്വം അനുഭവിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഭരണത്തിന്റെ ധാര്‍ഷ്ട്യം ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സ്ഥാപനത്തിന്‍മേലുള്ള വിശ്വാസം നഷ്ടപ്പെടുകയും സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്യുന്നു. ജനങ്ങളുടെ നിഷേപത്തുക കൊള്ളയടിച്ച് പാര്‍ട്ടി ഓഫീസുകള്‍ക്ക് സ്ഥലം വാങ്ങിക്കുക, കെട്ടിടം പണിയുക തുടങ്ങിയവയൊക്കെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമായിത്തീരുന്നു. തിരിച്ചടവ് ശേഷി പരിഗണിക്കാതെ പാര്‍ട്ടി മാത്രം നോക്കി വായ്പകള്‍ നല്‍കുമ്പോള്‍ വായ്പാ തിരിച്ചടവില്ലാതെ സ്ഥാപനം പ്രതിസന്ധിയിലാകും. നിക്ഷേപങ്ങള്‍ തിരിച്ചുകൊടുക്കാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ നിക്ഷേപകരെ കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന പ്രവണതയും നല്ലതല്ല. കട്ടപ്പനയില്‍ സാബുവിന്റെ ആത്മഹത്യക്ക് പ്രേരണ നല്‍കിയവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുവാന്‍ പൊലീസ് തയ്യാറാകണം. മരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അലംഭാവം തുടരാനിടയായാല്‍ ഗുരുതരമായ ഭവിഷത്തുകള്‍ ഉണ്ടാകുമെന്നും സാബുവിന്റെ കുടുംബത്തിന് നീതി കിട്ടുന്നതുവരെ യുഡിഎഫ് അവരോടൊപ്പം ഉണ്ടാകുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
What's Your Reaction?






