വണ്ടിപ്പെരിയാര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുതുവല്‍സര സമ്മാനമായി കാര്‍ യാത്രയൊരുക്കി അധ്യാപകര്‍
വണ്ടിപ്പെരിയാര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുതുവല്‍സര സമ്മാനമായി കാര്‍ യാത്രയൊരുക്കി അധ്യാപകര്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പുതുവല്‍സര സമ്മാനമൊരുക്കി അധ്യാപകര്‍. ഇതുവരെ കാറില്‍ സഞ്ചരിക്കാത്ത 100ലേറെ കുട്ടികള്‍ക്ക് കാര്‍ യാത്രയാണ് സമ്മാനമായി നല്‍കിയത്. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ സുവര്‍ണ കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഈ പുതുവത്സര ദിനത്തില്‍ ലഭിച്ച സമ്മാനം സ്വീകരിച്ച് തങ്ങളുടെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്തി സ്വന്തം കാറില്‍ യാത്ര ചെയ്യാന്‍ കുട്ടികള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തില്‍ നിന്ന് ടൗണ്‍ ചുറ്റി കുട്ടികളെ സ്‌കൂളിലെത്തുന്നതിന് 20ലേറെ കാറുടമകളാണ് തയ്യാറിയെത്തിയത്. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പല സ്ഥലങ്ങളിലും സന്നദ്ധ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കായി വിമാന യാത്ര ഒരുക്കുമ്പോള്‍ കാറില്‍ സഞ്ചരിക്കാത്ത തന്റെ സ്‌കൂളിലെ കുട്ടികള്‍ക്ക് പുതുവത്സര സമ്മാനമായി കാര്‍ യാത്ര ഒരുക്കിയതെന്ന് ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് പറഞ്ഞു. കാര്‍ യാത്ര മറക്കാനാവാത്ത അനുഭവമാണെന്നും വിമാന യാത്ര എന്ന സ്വപ്നമാണ് ഇനിയുള്ളതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി ജീജ കെ.എന്‍, പിടിഎ പ്രസിഡന്റ് ദാനിയേല്‍, എംപിടിഎ പ്രസിഡന്റ് സോണിയ തോമസ്, സബീര്‍, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






