റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം 27 മുതൽ
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം 27 മുതൽ

ഇടുക്കി: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് 27മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനിലുമായി റേഷന്‍ വ്യാപാരികളുടെ സംയുക്ത സമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചത്. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം പണം നല്‍കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, കമ്മിഷന്‍ അതാത് മാസം നല്‍കുക, റേഷന്‍ വ്യാപാരികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തി ഭക്ഷ്യധാന്യങ്ങളുടെ വിതരണം പൂര്‍ണമായും കോര്‍പ്പറേറ്റ് കുത്തകകളുടെ കൈകളിലേയ്ക്ക് എത്തിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നത്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയാല്‍ രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിത മാര്‍ഗം ഇല്ലാതാക്കും. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സമരത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രകടനവും ധര്‍ണയും നടത്തുമെന്നും മുഴുവന്‍ വ്യാപാരികളും പങ്കെടുക്കുമെന്നും ജില്ലാ സംയുക്ത സമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സണ്ണി കോലോത്ത്, ജിജോ കക്കാട്ട്, പ്രദീപ് മുകളേല്‍, പി.ബി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






