ഇടുക്കി: ചൊക്രമുടി ഭൂമി കൈയേറ്റത്തില്‍ തുടര്‍ നടപടികള്‍ വൈകുന്നുവെന്ന ആരോപണവുമായി ചൊക്രമുടി സംരക്ഷണ സമിതി. നിലവില്‍ നടപടി നേരിട്ട 4 ഉദ്യോഗസ്ഥരെ കൂടാതെ മറ്റുചില ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അവര്‍കെതിരെയുള്ള നടപടി ഒഴിവാക്കാനാണ് റവന്യൂ സംഘത്തിന്റെ അന്തിമ നടപടികള്‍ വൈകിപ്പിക്കുന്നതെന്നുമാണ് ഉയരുന്ന ആരോപണം. 2024 ഓഗസ്റ്റിലാണ് പരിസ്ഥിതിലോല മേഖലയായ റെഡ് സോണിലുള്‍പ്പെടുന്ന ചൊക്രമുടിയില്‍ സര്‍ക്കാര്‍ പാറപുറമ്പോക്ക് ഭൂമിയിലുള്‍പ്പെടെ ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണവും വിവാദമായത്. ഭൂമി കൈയേറ്റത്തില്‍ ഭരണകക്ഷി നേതാക്കള്‍ക്കുമുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കുവരെ പങ്കുണ്ടെന്ന പരാതികളുയര്‍ന്നതോടെ മുന്‍ ഉത്തരമേഖലാ ഐജി കെ.സേതുരാമന്റെ നേതൃത്വത്തി ലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയമിച്ചു. 2024 സെപ്റ്റംബറില്‍ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചൊക്രമുടിയില്‍ ചെന്നൈ സ്വദേശിയായ മലയാളി വ്യവസായിയുടെയും പിതാവിന്റെയും പേരിലുള്ള 14 ഏക്കര്‍ 69 സെന്റ് പട്ടയ ഭൂമിയുടെ സര്‍വേ സ്‌കെച്ച് സര്‍ക്കാര്‍പാറ പുറമ്പോക്ക് കൂടിയുള്‍പ്പെടുത്തി തയാറാക്കിയാതാണെന്നും പരിശോധനകള്‍ നടത്താതെ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതായും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തില്‍ റവന്യു വകുപ്പും അന്വേഷണം നടത്തുകയും ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെയും പട്ടയ ഉടമകളുടെയും വിചാരണ നടത്തുകയും ചെയ്തു. വിചരണകളെല്ലാം പൂര്‍ത്തിയായെങ്കിലും ചൊക്രമുടിയിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിലും കൈയേറ്റക്കാര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതിലും റവന്യു വകുപ്പ് അലംഭാവം തുടരുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ജില്ലാ സര്‍വേ വിഭാഗം ചൊക്രമുടിയില്‍ സര്‍വേ നടത്തി ഭൂമി കൈയേറ്റം സ്ഥിരികരിച്ചിട്ടുണ്ട്. എന്നാല്‍ റവന്യു മന്ത്രിയുടെ ഓഫീസില്‍ ചെന്നൈ സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടറേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് ചൊക്രമുടിയില്‍ സര്‍വേ നടത്തിയതും നിര്‍മാണ പ്രവര്‍ത്തനത്തിന് എന്‍ഒസി നല്‍കിയതും. മേലുദ്യോഗസ്ഥന്റെ നിര്‍ദേശം ദേവികുളം മുന്‍ തഹസില്‍ദാര്‍ അതേപടി അനുസരിക്കുകയായിരുന്നു. റവന്യു മന്ത്രിയുടെ ഓഫീസിലെയും റവന്യു വകുപ്പിലെയും ചില ഉന്നതരും ജില്ലയിലെ ചില രാഷ്ട്രിയ നേതാക്കളും ഇടപെട്ടതുകൊണ്ടാണ് ചൊക്രമുടിയില്‍ റെഡ് സോണിലുള്‍പ്പെടുന്ന സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റവും അനധികൃത നിര്‍മാണവും നടന്നതെന്നാണ് ആരോപണം.