ഇന്ന് ലോക ജലദിനം: കട്ടപ്പനയുടെ ജലസമ്പത്തായ കട്ടപ്പനയാര്‍ മാലിന്യവാഹിയായി ഒഴുകുന്നു

ഇന്ന് ലോക ജലദിനം: കട്ടപ്പനയുടെ ജലസമ്പത്തായ കട്ടപ്പനയാര്‍ മാലിന്യവാഹിയായി ഒഴുകുന്നു

Mar 22, 2025 - 17:21
 0
ഇന്ന് ലോക ജലദിനം: കട്ടപ്പനയുടെ ജലസമ്പത്തായ കട്ടപ്പനയാര്‍ മാലിന്യവാഹിയായി ഒഴുകുന്നു
This is the title of the web page

ഇടുക്കി: ലോക ജലദിനം ആചരിക്കുമ്പോള്‍ ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയുടെ ഒരുകാലഘട്ടത്തിന്റെ ജലസമ്പത്തായിരുന്ന കട്ടപ്പനയാര്‍ ഇന്ന് മാലിന്യം മാത്രം ഒഴുകുന്ന ചാലായി മാറിക്കഴിഞ്ഞു. പ്ലാസ്റ്റിക്കും ശുചിമുറി മാലിന്യവും ഉള്‍പ്പെടെയുള്ളവ വഹിച്ചാണ് കട്ടപ്പനയാറിന്റെ ഒഴുക്ക്. തീരവാസികള്‍ ആരോഗ്യ ഭീഷണിയില്‍. നഗരസഭയുടെ പരിശോധന പേരിനുമാത്രമായതോടെ മാലിന്യം തള്ളല്‍ നിര്‍ബാധം തുടരുന്നു. പുതിയ ബസ് സ്റ്റാന്‍ഡിലൂടെ കടന്നുപോകുന്ന കൈത്തോട്ടില്‍ സ്ഥാപനങ്ങളില്‍നിന്നുള്ള മലിനജലവും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞു. വേനല്‍വരള്‍ച്ച ശക്തിപ്രാപിച്ചതോടെ കട്ടപ്പനയാറിലെ നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞു. പലസ്ഥലങ്ങളിലും വെള്ളത്തിന്റെ നിറവ്യത്യാസവും ദുര്‍ഗന്ധവുമാണ്.
കട്ടപ്പനയാറിലേക്ക് എത്തിച്ചേരുന്ന പല കൈത്തോടുകളും മാലിന്യവാഹിയായി മാറിക്കഴിഞ്ഞു. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ഇവിടേയ്ക്കാണ് തള്ളുന്നത്. തോട്ടങ്ങളില്‍നിന്നുള്ള കിടനാശിനി കലര്‍ന്ന വെള്ളവും ഒഴുക്കുന്നതായി ആക്ഷേപമുണ്ട്. തോടുകളുടെയും കട്ടപ്പനയാറിന്റെയും തീരപ്രദേശങ്ങളില്‍ അസഹ്യമായ ദുര്‍ഗന്ധമാണ്. നീരൊഴുക്ക് കുറഞ്ഞതോടെ പലസ്ഥലങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നു.
ശുചിമുറി മാലിന്യവും തള്ളുന്നതിനാല്‍ ജനം ആരോഗ്യഭീഷണിയിലാണ്. പലതവണ നഗരസഭയ്ക്ക് പരാതി നല്‍കിയിട്ടും അവഗണിച്ചു. ബ്ലീച്ചിങ് പൗഡര്‍ വിതറി ശുചീകരണം അവസാനിപ്പിച്ചു. ദുര്‍ഗന്ധവും കൊതുകുശല്യം വര്‍ധിക്കുമ്പോള്‍ നാട്ടുകാരാണ് ശുചീകരിക്കുന്നത്. മലിനജലം ഒഴുകിത്തുടങ്ങിയതോടെ കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായി. അമ്പലക്കവല മുതല്‍ അഞ്ചുരുളി വരെയുള്ള ഭാഗത്ത് നിരവധി പദ്ധതികളാണ് കട്ടപ്പനയാറിനെ ആശ്രയിച്ചുപ്രവര്‍ത്തിക്കുന്നത്. നിരവധി കുടുംബങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഇവിടുത്തെ വെള്ളമാണ് ഉപയോഗിക്കുന്നത്. മാലിന്യം തള്ളല്‍ വര്‍ധിച്ചതോടെ മത്സ്യസമ്പത്തും ഇല്ലാതായി.

What's Your Reaction?

like

dislike

love

funny

angry

sad

wow