ഉപ്പുതറയില്‍ യുവതി മരിച്ചനിലയില്‍: കൊലപാതകമെന്ന് സൂചന: ഭര്‍ത്താവ് ഒളിവില്‍
ഉപ്പുതറയില്‍ യുവതി മരിച്ചനിലയില്‍: കൊലപാതകമെന്ന് സൂചന: ഭര്‍ത്താവ് ഒളിവില്‍
ഇടുക്കി : യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ എംസിക്കവല മലയക്കാവില്‍ രജനി(38) ആണ് മരിച്ചത്. ഒളിവില്‍പോയ ഭര്‍ത്താവ് രതീഷി(സുബിന്‍)നായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകിട്ട് നാലിന് ഇളയമകന്‍ സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയപ്പോള്‍ രജനി കട്ടിലില്‍ തലയ്ക്കടിയേറ്റ് ചോരവാര്‍ന്ന് ചലനമറ്റ നിലയിലായിരുന്നു. ഉടന്‍തന്നെ അയല്‍വാസികളെ വിവരമറിയിച്ചു. പഞ്ചായത്തംഗം അഡ്വ. ബിജു ചെംപ്ലാവന്‍ ഉപ്പുതറ പൊലീസിലും അറിയിച്ചു. പരിശോധനയില്‍ രജനി മരിച്ചതായി വ്യക്തമായി. കട്ടിലിനുസമീപത്തുനിന്ന് കമ്പിവടിയും കണ്ടെത്തി. പകല്‍ ഒന്നരയോടെ രതീഷ് ഉപ്പുതറ പരപ്പില്‍നിന്ന് ബസില്‍ കയറി പോയതായി കണ്ടവരുണ്ട്.
രതീഷും രജനിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതുസംബന്ധിച്ച് ഉപ്പുതറ പൊലീസില്‍ കേസും നിലവിലുണ്ട്. പിണങ്ങിപ്പോയ രജനി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയത്. രതീഷിനായി തെരച്ചില്‍ ഊര്‍ജിതമാക്കി. ബുധനാഴ്ച ഡോഗ് സ്‌ക്വാഡിന്റെയും ഫോറന്‍സിക്കിന്റെയും പരിശോധനയ്ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. മക്കള്‍: രേവതി, രതിന്‍, രാജീവ്.
What's Your Reaction?