ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ചാണകപ്പാറ അഭിനേഷ് സി .ജി യുടെ തിരോധാനത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായി ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സഹപാഠികളും കുടുംബവും രംഗത്ത്.ഏഴു ദിവസം മുമ്പാണ് അഭിനേഷിനെ വെള്ളയാംകുടിയില്‍ നിന്ന് കാണാതാകുന്നത്. തലയില്‍ ട്യൂമര്‍ ബാധിച്ച് ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതാകുന്നതെന്ന് ഇവര്‍ പറഞ്ഞു.
ഭാര്യയും രണ്ടുകുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബമാണ് അഭിനേഷിനുള്ളത്. ഭാര്യയുടെ ചെറിയ വരുമാനത്തില്‍ നിന്നുമാണ് കുടുംബം മുമ്പോട്ട് പോകുന്നത്. ഭാര്യ ജോലിക്ക് പോകുകയും കുട്ടികള്‍ സ്‌കൂളില്‍ പോകുകയും ചെയ്ത സമയത്ത് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഇദ്ദേഹം വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നു എന്നാണ് പറയുന്നത്. ഒരുഷര്‍ട്ടും ഒരുഷോളും മാത്രമാണ് കൈയിലുള്ളത്. മൊബൈല്‍ ഫോണ്‍ എടുത്തിട്ടില്ല. വീടിന് അടുത്തുള്ള 2 സിസിടിവി ക്യാമറയില്‍ ഇദ്ദേഹം നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ കേസ് നല്‍കി അന്വേഷണം നടന്നു വരികയാണ്. എന്നാല്‍ ഒരാഴ്ചയായിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വാര്‍ത്താ സമ്മേളനത്തില്‍ കുഴിത്തൊളു ദീപാ ഹൈസ്‌കൂള്‍ 91 എസ്എസ്എല്‍സി ബാച്ചിലെ റിഥം 91 ഗ്രൂപ്പ് ഭാരവാഹികളായ മോന്‍സി മഠത്തില്‍, ഷൈജന്‍ ജോര്‍ജ്, പ്രവീണ്‍കുമാര്‍ കെഎസ്, സാജു കറുകപ്പള്ളി, ലെന്‍സി ജേക്കബ്, ബീന പ്രസാദ്, അനിത ഷാജി, സതീഷ് കാളശ്ശേരി, അഭിനേഷിന്റെ ഭാര്യ സുനിജ അഭിനേഷ് എന്നിവര്‍ പങ്കെടുത്തു