ആനയിറങ്കല്‍ ജലാശയത്തില്‍ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു
ആനയിറങ്കല്‍ ജലാശയത്തില്‍ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു

ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ നീന്തുന്നതിനിടെ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്‌മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ നിര്‍മാണ ജോലികള്‍ക്കെത്തിയ രാജന്‍ വ്യാഴാഴ്ച ജോലിയില്ലാത്തതിനാല്‍ രാവിലെ 10 ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പമാണ് ആനയിറങ്കലില്‍ എത്തിയത്. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ജലാശയത്തിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ജലാശയം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇവിടെ ഇറങ്ങിയത്. എന്നാല്‍ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴുകയായിരുന്നു. ആനിയിറങ്കല്‍ വ്യൂ പോയിന്റിന് സമീപം നിന്ന ചില വിനോദസഞ്ചാരികളാണ് വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസില്‍ വിവരമറിയിച്ചു. മൂന്നാറില്‍ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശാന്തന്‍പാറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






