നിര്‍മാണം കാത്ത് വട്ടവട പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍
നിര്‍മാണം കാത്ത് വട്ടവട പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍

ഇടുക്കി: വട്ടവട പഞ്ചായത്തിലെ വിവിധ മേഖലകളില്‍ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി യാത്രായോഗ്യമാക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. മഴക്കാലത്തിനുമുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ വട്ടവട മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാണ്. മഴ കനത്തതോടെ കോവിലൂര്‍ ടൗണിലടക്കം വലിയ തോതില്‍ ചെളി രൂപം കൊണ്ടു. പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഗ്രാമീണറോഡുകള്‍ നിര്‍മാണം കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായെന്നാണ് പരാതി. നിര്‍മാണം സംബന്ധിച്ച് ഇടക്കിടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്. പഴത്തോട്ടം, ചിലന്തിയാര്‍, സ്വാമിയാറളക്കുടി, കൂടലാര്‍കുടി, വല്‍സപ്പെട്ടികുടി തുടങ്ങി മേഖലകളിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി തകര്‍ന്ന സ്ഥിതിയിലാണ്. ഇതോടെ ആശുപത്രിയിലേക്കും സ്‌കൂളിലേക്കും മറ്റിതര ആവശ്യങ്ങള്‍ക്കുമായി ഗ്രാമവാസികളുടെ യാത്ര ദുഷ്‌ക്കരമായി കഴിഞ്ഞു. പല റോഡുകളിലൂടെയും ഏറെ സാഹസപ്പെട്ടാണ് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്നത്. തകര്‍ന്നുകിടക്കുന്ന റോഡുകള്‍ വട്ടവടയുടെ കാര്‍ഷിക മേഖലക്കും വിനോദസഞ്ചാര മേഖലക്കും വലിയ തിരിച്ചടിയാണ്. കുണ്ടും കുഴിയും താണ്ടിയുള്ള യാത്ര തങ്ങള്‍ മടുത്തെന്നും ദുരിതം കണ്ടറിഞ്ഞ് ഇനിയെങ്കിലും വട്ടവടയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






