അടിമാലി താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിക്കാനുള്ള തീരുമാനം അട്ടിമറിച്ചു: പ്രതിഷേധവുമായി യുഡിഎഫ് ഭരണസമിതി
അടിമാലി താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിക്കാനുള്ള തീരുമാനം അട്ടിമറിച്ചു: പ്രതിഷേധവുമായി യുഡിഎഫ് ഭരണസമിതി

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി ഒപി വിഭാഗം പ്രവര്‍ത്തനമാരംഭിക്കാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവുമായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ആറിനായിരുന്നു കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവിറങ്ങിയത്. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഉത്തരവ് അട്ടിമറിക്കപ്പെട്ടുവെന്ന് യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ ആരോപിച്ചു. ഹൃദയ സംബന്ധമായ ചികിത്സക്ക് ഹൈറേഞ്ചിലെ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നതിന് 150 കിലോമീറ്റര്‍ ദൂരമുള്ള കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ഹൈറേഞ്ച് മേഖലയിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു അടിമാലി താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിക്കുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ജൂനിയര്‍ ഡോക്ടറിനെ ആഴ്ച്ചയില്‍ ഒരു ദിവസം നിയമിച്ച് കാര്‍ഡിയോളജി ഒപി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്ന വിധമായിരുന്നു ക്രമീകരണം. എന്നാല്‍ ഇത് അട്ടിമറിച്ചെന്നാണ് യുഡിഎഫിന്റെ ആരോപണം. കാര്‍ഡിയാക് ചികിത്സക്കായി എക്കോ, ടിഎംടി ഉള്‍പ്പെടെയുള്ള വിവിധ മെഷീനറികള്‍ ആശുപത്രിയില്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഡോക്ടറെ നിയമിക്കുന്നതില്‍ നടപടിയില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ 14ന് ബ്ലോക്ക് പഞ്ചായത്തിനും 16ന് ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കത്ത് നല്‍കിയതിനു പിന്നാലെയാണ് കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നതിന് ഉത്തരവിറങ്ങിയത്. തുടര്‍ന്നാണ് തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവുമായി യുഡിഎഫ് ഭരണസമിതി രംഗത്തെത്തിയിരിക്കുന്നത്.
What's Your Reaction?






