കട്ടപ്പനയില്‍നിന്ന് മരത്തടികള്‍ മുറിച്ചുകടത്തിയ സംഭവം: ഫര്‍ണിച്ചര്‍ കടകള്‍ കേന്ദ്രീകരിച്ച് വനപാലകരുടെ പരിശോധന
കട്ടപ്പനയില്‍നിന്ന് മരത്തടികള്‍ മുറിച്ചുകടത്തിയ സംഭവം: ഫര്‍ണിച്ചര്‍ കടകള്‍ കേന്ദ്രീകരിച്ച് വനപാലകരുടെ പരിശോധന

ഇടുക്കി: അനധികൃതമായി മുറിച്ചുകടത്തിയ മരത്തടികള്‍ പിടികൂടിയ സംഭവത്തില്‍ ഫര്‍ണിച്ചര്‍ കടകള്‍ കേന്ദ്രീകരിച്ച് വനപാലകര്‍ പരിശോധന തുടങ്ങി. മരത്തടികള്‍ കടത്താന്‍ ഉപയോഗിച്ചതിന് വനപാലകര്‍ കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വാഹനഉടമ വനംവകുപ്പ് ഓഫീസില്‍ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഓട്ടോറിക്ഷ ഉടമ കട്ടപ്പന സ്വദേശി പ്രശാന്ത് മോഹന്‍(45 ) ആണ് അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കട്ടപ്പന പേഴുംകവലയില്‍നിന്ന് കഴിഞ്ഞദിവസം മുറിച്ചുകടത്തിയ ഈട്ടി, തേക്ക്, ഈയല്‍വാക ഉള്‍പ്പെടെയുള്ള മരങ്ങള്‍ അയ്യപ്പന്‍ കോവില്‍ റേഞ്ചിലെ വനപാലകര്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഉരുപ്പടികളാക്കിയ തേക്കും ഈയല്‍വാകയും പേഴുംകവലയിലെ ഫര്‍ണിച്ചര്‍ കടയില്‍നിന്ന് കണ്ടെടുത്തു. ഈട്ടിമരം സംഘത്തില്‍പെട്ട ഒരാളുടെ പുരയിടത്തില്‍നിന്നും കണ്ടെത്തി. തുടര്‍ന്നാണ് തടി കടത്താന്‍ ഉപയോഗിച്ച പിക്-അപ് വാനും ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഓട്ടോറിക്ഷയില്‍ ഉടമ അറിയാതെയാണ് ഡ്രൈവര്‍ തടി കടത്തിയത്. വാഹനം കസ്റ്റഡിയില്‍ എടുത്ത വിവരമറിഞ്ഞ് പ്രശാന്ത് വനംവകുപ്പ് ഓഫീസില്‍ എത്തി. തുടര്‍ന്ന് കൈവശം കരുതിയിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. വനപാലകര്‍ ഇടപെട്ട് കീടനാശിനി തുപ്പിച്ചശേഷം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






