കാഞ്ചിയാര്‍ പഞ്ചായത്ത് കേരളോത്സവത്തിന് ലബ്ബക്കട ജെപിഎം കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി
കാഞ്ചിയാര്‍ പഞ്ചായത്ത് കേരളോത്സവത്തിന് ലബ്ബക്കട ജെപിഎം കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് കേരളോത്സവം ലബ്ബക്കട ജെപിഎം കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. നാല് ദിവസങ്ങളായി നടക്കുന്ന കേരളോത്സവം ലബ്ബക്കടയില്‍ പഞ്ചായത്ത് പ്രസിഡന്റ്് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലയിലാദ്യമായി കേരളോത്സവം ആരംഭിച്ചിരിക്കുന്നത് കാഞ്ചിയാര്‍ പഞ്ചായത്തിലാണ്. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും, സാഹോദര്യവും സഹകരണബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുക, പൊതുസംഗമ വേദിയില്‍ ഒരുമിച്ചുകൂടുന്നതിന് അവസരമൊരുക്കുക എന്നി ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ വകുപ്പുകള്‍ എന്നിവയെ ചേര്‍ത്ത് കേരളോത്സവം സംഘടിപ്പിക്കുന്നത്. കലാ, സാംസ്‌കാരിക, കായിക മത്സരങ്ങള്‍ ഒരേ വേദിയില്‍ നടത്തപ്പെടുന്നുവെന്നതാണ് കേരളോത്സവത്തിന്റെ പ്രത്യേകത. കാഞ്ചിയാര്‍ പഞ്ചായത്തിലെ ലബ്ബക്കട, സ്വരാജ്, പെരിയോന്‍കവല, പാമ്പാടിക്കുഴി എന്നീ കേന്ദ്രങ്ങളില്‍ വച്ചാണ് വിവിധ മത്സരങ്ങള്‍ നടക്കുക. കലാകായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ഉദ്ഘാടനസമ്മേളനം, സമ്മാനദാനം എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. ആദ്യദിനമായ ചൊവ്വാഴ്ച ലബ്ബക്കട ജെപിഎം കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരത്തോടെയാണ് തുടക്കം കുറിച്ചിരിക്കുന്നത്. രണ്ടാംദിനം ബുധനാഴ്ച മുരുക്കാട്ടുകൂടി ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരവും വ്യാഴാഴ്ച പാമ്പാടിക്കുഴിയില്‍ വോളിബോള്‍ ടൂര്‍ണമെന്റും വെള്ളിയാഴ്ച സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വടംവലി, കബഡി, ഷട്ടില്‍, ബാഡ്മിന്റണ്‍ എന്നിവയും നടക്കും. ശനിയാഴ്ച ജെപിഎം കോളേജ് ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ്, പഞ്ചഗുസ്തി, ചെസും സയണ്‍ സ്‌കൂളില്‍ കലാ മത്സരങ്ങള്‍, നീന്തല്‍ എന്നിവയുമാണ് തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






