വെഞ്ഞാറമ്മൂട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന് കുമളി പഞ്ചായത്തിന്റെ ആദരവ്
വെഞ്ഞാറമ്മൂട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന് കുമളി പഞ്ചായത്തിന്റെ ആദരവ്
ഇടുക്കി: കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രകള്‍ ഒരുക്കി ജനപ്രീതി നേടിയ വെഞ്ഞാറമ്മൂട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിനെ കുമളി പഞ്ചായത്ത് അനുമോദിച്ചു. അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. 791-ാമത് വിനോദസഞ്ചാര യാത്രയുടെ ഭാഗമായി തേക്കടിയിലെത്തിയ ബസ് സര്‍വീസിനാണ് കുമളി ബസ് സ്റ്റാന്‍ഡില്‍ അധികൃതര്‍ സ്വീകരണം നല്‍കിയത്. വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെല്ലിന്റെ ബസ് 27-ാം തവണയാണ് തേക്കടിയിലെത്തുന്നത്. കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെയ്ദ് ഷക്കീല അധ്യക്ഷത വഹിച്ചു.
2023 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച വെഞ്ഞാറമ്മൂട് ബജറ്റ് ടൂറിസം സെല്‍ 791 യാത്രകളിലായി പതിനായിരത്തിലേറെ സഞ്ചാരികളെയാണ് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിച്ചത്. ഇതിലൂടെ വെഞ്ഞാറമൂട് ഡിപ്പോയ്ക്ക് മൂന്ന് കോടിയിലധികം രൂപ ടിക്കറ്റേതര വരുമാനം നേടാനായി. ഈ വര്‍ഷത്തെ നാലമ്പല ദര്‍ശനം, ആറന്മുള വള്ളസദ്യ യാത്രകളില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും ഡിപ്പോ സ്വന്തമാക്കിയിരുന്നു.
ഗവി, മൂന്നാര്‍, വാഗമണ്‍, കന്യാകുമാരി, നെഫര്‍റ്റിറ്റി കപ്പല്‍ യാത്രകള്‍ക്ക് പുറമെ ഊട്ടി, കൊടൈക്കനാല്‍, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വിജയകരമായി യാത്രകള്‍ സംഘടിപ്പിച്ചു. ലക്ഷദ്വീപ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക യാത്രാ പാക്കേജുകളും മുതിര്‍ന്ന പൗരന്മാര്‍ക്കായി ഡോര്‍-ടു-ഡോര്‍ യാത്രാ പദ്ധതിയും ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഡിപ്പോ ജീവനക്കാരുടെയും ടൂറിസം ടീമിന്റെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നില്‍.
What's Your Reaction?