വണ്ടിപ്പെരിയാര്‍- തേങ്ങാക്കല്‍ റോഡ് നിര്‍മാണം തുടങ്ങി
വണ്ടിപ്പെരിയാര്‍- തേങ്ങാക്കല്‍ റോഡ് നിര്‍മാണം തുടങ്ങി

ഇടുക്കി: വണ്ടിപ്പെരിയാര്‍- തേങ്ങാക്കല്‍ റോഡിന്റെ ആദ്യഘട്ട നിര്‍മാണം തുടങ്ങി. 700 മീറ്റര്‍ ദൂരമാണ് ഒന്നാംഘട്ടത്തില്‍ നിര്‍മിക്കുന്നത്. വര്‍ഷങ്ങളോളം സഞ്ചാരയോഗ്യമല്ലാതായി കിടന്ന റോഡില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. വണ്ടിപ്പെരിയാര്‍ മുതല്‍ അയ്യപ്പന്‍കോവില്‍ വരെയുള്ള 1.4 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിരുന്നു. എന്നാല്‍ മ്ലാമല നൂറടി പാലത്തിന്റെ അപ്പ്രോച്ച് റോഡിനായി 10 ലക്ഷം രൂപ വകമാറ്റിയതാണ് കാലതാമസം വരുത്തിയത്. പിന്നീട് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചതോടെ നിര്‍മാണം ആരംഭിക്കുകയായിരുന്നു.
ടൗണ്‍ മുതല്‍ പാറമട വരെയുള്ള ഭാഗം ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കും. അയ്യപ്പന്‍കോവില്‍ വരെയുള്ള ഭാഗം പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കും. മ്ലാമല റോഡ് സമിതി അംഗങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മിഷന്‍ അംഗം സ്ഥലത്ത് സന്ദര്‍ശനം നടത്തി. ഒരു മാസത്തിനുള്ളില്‍ വണ്ടിപ്പെരിയാര്‍ മുതല്‍ തേങ്ങാക്കല്‍ വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ഉത്തരവിട്ടു.
What's Your Reaction?






