വര്‍ക്കര്‍ നിയമനത്തില്‍ ക്രമക്കേട്: പരാതിയുമായി ഉദ്യോഗാര്‍ഥി
വര്‍ക്കര്‍ നിയമനത്തില്‍ ക്രമക്കേട്: പരാതിയുമായി ഉദ്യോഗാര്‍ഥി

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ഉദ്യോഗാര്‍ഥിയെ മറികടന്ന് 13-ാം സ്ഥാനത്തുള്ളയാളെ നിയമിച്ചതായി പരാതി. ദൈവമേട് ചിലമ്പന്‍കുന്നേല്‍ റെജീന രാജുവാണ് നിയമനത്തട്ടിപ്പിനെതിരെ ഗവര്‍ണര്‍, വകുപ്പ്മന്ത്രി, കലക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന റെജീന റൊട്ടേഷന്‍ ക്വാട്ടയില്‍ ഏഴാത്തായിരുന്നു. നവംബര്‍ 30 ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ഡിസംബര്‍ ഒന്നിന് നിയമനങ്ങള്‍ നടത്തുകയും ചെയ്തു. താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവിലേക്ക് ആദ്യ ഒഴിവില്‍ 13-ാം റാങ്കുകാരിയേയും രണ്ടാം ഒഴിവിലേക്ക് നാലാം റാങ്കുകാരിയേയും നിയമവിരുദ്ധമായി നിയമിച്ചുവെന്നാണ് റെജീനയുടെ ആരോപണം. ഇന്റര്‍വ്യൂ ബോര്‍ഡ് നല്‍കിയ മാര്‍ക്ക് പട്ടികയുടെ പകര്‍പ്പിന് വേണ്ടി വിവരാവകാശം നല്‍കിയെങ്കിലും സെലക്ഷന്‍ ലിസ്റ്റിന്റെ അംഗീകാരത്തിനായി ജില്ലാ ഓഫീസില്‍ ഫയല്‍ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി.
തുടര്‍ന്ന് ഒക്‌ടോബര്‍ 21ന് ജില്ലാ ഓഫീസില്‍ ഇതുസംബന്ധിച്ച് വിവരാവകാശം നല്‍കുകയും 31ന് ലഭിച്ച മറുപടിയില്‍ ഓഫിസില്‍ ബന്ധപ്പെട്ട ഫയലുകള്‍ ലഭിച്ചിട്ടില്ലെന്നും വനിതാ ശിശുവികസന കാര്യാലയത്തില്‍ അന്വേഷിക്കാനും അറിയിച്ചു. തടിയമ്പാട്ടെ ഓഫീസ് വിവരാവകാശത്തിന് തെറ്റായ മറുപടിയാണ് നല്‍കിയതെന്നും റെജീന ആരോപിച്ചു.
ഒക്‌ടോബര്‍ 21നുതന്നെ വാത്തിക്കുടി പഞ്ചായത്തില്‍ ഇന്റര്‍വ്യൂവിന്റെ ചുരുക്കപ്പട്ടിക, മുന്‍ഗണനാ പട്ടിക എന്നിവ ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശത്തില്‍ യാതൊരുവിവരവും പഞ്ചായത്തില്‍ ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തടിയമ്പാട് ഓഫീസിലെ സി.ഡി.പി.ഒ സൂപ്പര്‍വൈസര്‍, ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് റെജീന ആരോപിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കിയതിലും ക്രമക്കേട് ണ്ടായി. ഇന്റര്‍വ്യൂവിലെ മികച്ച പ്രകടനത്തിന് ബോര്‍ഡ് അംഗങ്ങള്‍ അഭിനന്ദിച്ച തനിക്ക് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുണ്ടെന്നും റെജീന പറഞ്ഞു. എന്നാല്‍ പ്രവൃത്തിപരിചയമോ മുന്‍ഗണനയോ ഇല്ലാത്തവരെയാണ് നിയമിച്ചിട്ടുള്ളത്. ഇതുവ്യക്തമാക്കുന്ന വാത്തിക്കുടി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്റെ സാക്ഷ്യപത്രവും തെളിവാണ്. നവംബര്‍ 22ന് റാങ്ക് പട്ടിക ജില്ലാ ഓഫീസ് അംഗീകരിച്ചെങ്കിലും 30ന് മാത്രം പ്രസിദ്ധീകരിക്കുകയും ഡിസംബര്‍ ഒന്നിന് നിയമനം നടത്തുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റെജീന ആവശ്യപ്പെട്ടു.
What's Your Reaction?






