ദേവികുളം താലൂക്കില്‍ മഴ ശക്തം: ഒരു മരണം, വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം
ദേവികുളം താലൂക്കില്‍ മഴ ശക്തം: ഒരു മരണം, വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം

ഇടുക്കി: തിങ്കളാഴ്ച രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ ദേവികുളം താലൂക്കില്‍ പരക്കെ നാശനഷ്ടം. അടിമാലി മച്ചിപ്ലാവില്‍ അബദ്ധത്തില്‍ ഓടയില്‍ വീണ് ഒരാള്‍ മരിച്ചു. മച്ചിപ്ലാവ് സ്വദേശി ശശിധരനാണ് മരിച്ചത്. കാല്‍വഴുതി പാതയോരത്തെ ഓടയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ പള്ളിവാസലിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലും ഗ്യാപ്പ് റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായി. കല്ലാര്‍ മാങ്കുളം റോഡിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കുരിശുപാറ ടൗണിലും പീച്ചാട് പ്ലാമല റോഡിലും വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാപാരശാലകളില്‍ നഷ്ടം സംഭവിച്ചു. കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ഹെഡ് വര്‍ക്ക്സ്, പൊന്‍മുടി അണക്കെട്ടുകള്‍ തുറന്നു. പഴയ മൂന്നാര്‍ ടൗണ്‍ തിങ്കളാഴ്ച രാത്രിയില്‍ വെള്ളത്തില്‍ മുങ്ങി. കല്ലാര്‍ വട്ടയാറില്‍ രണ്ട് വീടുകള്‍ക്ക് മണ്ണിടിച്ചിലില്‍ കേടുപാടുകള്‍ സംഭവിച്ചു. പള്ളിവാസല്‍ രണ്ടാംമൈലില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു.ബൈസണ്‍വാലി മേഖലയിലും മണ്ണിടിച്ചിലില്‍ നാശം സംഭവിച്ചു. കുറത്തിക്കുടി ആദിവാസി മേഖലയിലേക്ക് മാങ്കുളത്തു നിന്നും പോകുന്ന വഴിയില്‍ ഉണ്ടായിരുന്ന കലുങ്കിന് കേടുപാടുകള്‍ സംഭവിച്ചു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം താലൂക്കിലാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
What's Your Reaction?






