കട്ടപ്പന-വെള്ളയാംകുടി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
കട്ടപ്പന-വെള്ളയാംകുടി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം

ഇടുക്കി: കട്ടപ്പന- വെള്ളയാംകുടി റോഡിലെ വെള്ളകെട്ടില്‍ വലഞ്ഞ് യാത്രക്കാര്‍. കഴിഞ്ഞ 3 ദിവസമായി കട്ടപ്പനയില്‍ മഴ കുറവാണെങ്കിലും വെള്ളയാംകുടി റോഡില്‍ വെള്ളക്കെട്ടിന് കുറവില്ല. കല്ലുകുന്ന് മേഖലയുടെ താഴ്ഭാഗത്തുകൂടി കടന്നുപോകുന്ന പാതയ്ക്ക് സമീപം ശക്തമായ ഉറവയാണുള്ളത്. ഈ വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡിലെ വെള്ളം ഇരുവശങ്ങളിലേക്ക് തെറിച്ചുവീഴുന്നത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നിരവധി ജോലിക്കാരും, വിദ്യാര്‍ഥികളും കാല്‍നടയായി യാത്രചെയ്യുമ്പോള്‍ അവരുടെ ദേഹത്തേക്ക് ചെളി വെള്ളം തെറിക്കുന്നതും വെള്ളക്കെട്ടില്‍ ചാടാതെ വാഹനങ്ങള്‍ വെട്ടിച്ചുമാറ്റുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നു. തുടര്‍ച്ചയായി ഉറവവെള്ളം ഒഴുകുന്നത് മൂലം റോഡിന്റെ തകര്‍ച്ചക്കും കാരണമായിട്ടുണ്ട്. ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ച റോഡില്‍നിരവധി ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ഓടകളെല്ലാം അടഞ്ഞതോടെ റോഡില്‍ കൂടിയാണ് ഉറവ വെള്ളത്തിനൊപ്പം മഴവെള്ളവും ഒഴുകുന്നത്. നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും ദേശീയപാത അതോറിറ്റി പ്രശ്‌നപരിഹാരത്തിന് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. അതോടൊപ്പം നഗരസഭയും ദേശീയപാത അതോറിറ്റിയുടെ മേല്‍ പഴിചാരുന്നതല്ലാതെ വിഷയം ബന്ധപ്പെട്ട അധികൃതര്‍ക്ക് മുമ്പാകെ ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകുന്നില്ല എന്നും ആക്ഷേപമുണ്ട്.
What's Your Reaction?






