കട്ടപ്പന നഗരത്തിലെ പൊതുകിണര്‍ നഗരസഭയുടെ അനാസ്ഥയില്‍ നശിക്കുന്നതായി പരാതി.
കട്ടപ്പന നഗരത്തിലെ പൊതുകിണര്‍ നഗരസഭയുടെ അനാസ്ഥയില്‍ നശിക്കുന്നതായി പരാതി.

ഇടുക്കി: കട്ടപ്പന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പൊതുകിണര്‍ നഗരസഭയുടെ അനാസ്ഥയില്‍ നശിക്കുന്നതായി പരാതി.
ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള കിണര്‍ കട്ടപ്പന കുന്തളംപാറ റോഡിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകളോളം ടൗണിലെ ദാഹമകറ്റിയിരുന്നത് ഈ കിണറായിരുന്നു. ഒപ്പം കിണറ്റിലെ വെള്ളം കോരി കടകളിലെത്തിച്ച് കുറെയധികം തൊഴിലാളികള്‍ ഉപജീവനം നടത്തിയിരുന്നുവെന്നും, ഈ തൊഴിലാളികള്‍ക്ക് ഒരു യൂണിയനടക്കം ഉണ്ടായിരുന്നു എന്നതും കിണറിന്റെ ചരിത്രമാണ്. കട്ടപ്പന പഞ്ചായത്ത് ആയിരുന്ന കാലത്ത് വര്‍ഷാവര്‍ഷം വൃത്തിയാക്കി സംരക്ഷിച്ചിരുന്ന കിണറാണ് നഗരസഭ ഇപ്പോള്‍ അവഗണിച്ചിട്ടിരിക്കുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന കഴിഞ്ഞ കടുത്ത വേനലില്‍ ഉള്‍പ്പെടെ ഈ കിണര്‍ ജലസമൃദ്ധം ആയിരുന്നു. എന്നാല്‍ കിണറിന്റെ ചുറ്റുപാടുകള്‍ മാലിന്യം കുമിഞ്ഞു കൂടിയ സ്ഥിതിയിലാണ്. ഒപ്പം ടൗണില്‍ നിന്ന് അടക്കമുള്ള മലിനജലവും കിണറിന്റെ പരിസരത്തേക്കാണ് ഒഴുകിയെത്തുന്നത്. കിണറ്റില്‍ മലിനജലം ആണെന്നറിയാതെ ഏതാനും സ്വകാര്യ വ്യക്തികള്‍ ഇപ്പോഴും ഈ കിണറിനെ ആശ്രയിക്കുന്നുമുണ്ട്. കിണര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഉപയോഗപ്രദമാക്കുകയും ടാങ്ക് നിര്‍ണിച്ച് ജലവിതരണം നടത്തുകയും ചെയ്താല്‍ ടൗണ്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാവും. അടിയന്തരമായി നഗരസഭ ഇക്കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






