പൂപ്പാറ തീപിടുത്തം: തകര്‍ന്ന് ജല വിതരണ പദ്ധതിയും ഗ്രാമീണ റോഡുകളും
പൂപ്പാറ തീപിടുത്തം: തകര്‍ന്ന് ജല വിതരണ പദ്ധതിയും ഗ്രാമീണ റോഡുകളും

ഇടുക്കി: പൂപ്പാറയില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്പുകള്‍ കത്തി നശിച്ചതോടെ തകര്‍ന്നത് ജല വിതരണ പദ്ധതിയുടെ പൂര്‍ത്തീകരണം മാത്രമല്ല, ഗ്രാമീണ റോഡുകള്‍ കൂടിയാണ്. പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡുകള്‍ക്ക് ഇരു വശത്തും കുഴികള്‍ തീര്‍ത്തത് മഴ ആരംഭിച്ചതോടെ ഗ്രാമീണ പാതകളിലൂടെയുള്ള സഞ്ചാരം ദുര്‍ഘടമാക്കുന്നതിന് കാരണമായി. മാര്‍ച്ച് ഒന്നിനാണ് എസ്റ്റേറ്റ് പൂപ്പാറ വില്ലേജ് ഓഫീസ് മൈതാനത്ത് സൂക്ഷിച്ചിരുന്ന 70 കിലോ മീറ്റര്‍ നീളമുള്ള പൈപ്പുകള്‍ കത്തി നശിച്ചത്. രണ്ട് കോടി 60 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പൈപ്പുകള്‍ കത്തിയതോടെ രാജകുമാരി, ശാന്തന്‍പാറ പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മാണം മുടങ്ങി. പദ്ധതിയുടെ ഭാഗമായി, മുന്‍പ് ഗ്രാമീണ പാതകളുടെ ഇരുവശത്തും കോണ്‍ക്രീറ്റിംഗ് അടക്കം തകര്‍ത്ത്, പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴികള്‍ നിര്‍മിച്ചിരുന്നു. ഒരുമാസത്തിനുള്ളില്‍ പുനര്‍ നിര്‍മിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും റോഡുകള്‍ പുനര്‍ നിര്‍മിക്കാനോ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാനോ നടപടിയില്ല. പൈപ്പുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ല. പൊലീസിന്റെ കേസന്വേഷണം പൂര്‍ത്തിയായി, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമെ നഷ്ടം ആരാണ് വഹിയ്ക്കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകു എന്നാണ് ജലവിഭവ വകുപ്പ് വ്യക്തമാക്കുന്നത്. നിലവില്‍ ശാന്തന്‍പാറ, രാജകുമാരി പഞ്ചായത്തുകളിലെ ജലജീവന്‍ മിഷന്റെ എല്ലാ പദ്ധതികളും നിര്‍ത്തി വെച്ചിരിയ്ക്കുകയാണ്. കുടിവെള്ള പദ്ധതി ഇല്ലാതായതോടൊപ്പം നിലവില സാഹചര്യം തുടര്‍ന്നാല്‍ ഗ്രാമീണ പാതകളും നശിയ്ക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
What's Your Reaction?






