പുളിയന്‍മലയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാല നവീകരിക്കാന്‍ നടപടി
പുളിയന്‍മലയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാല നവീകരിക്കാന്‍ നടപടി

ഇടുക്കി: കട്ടപ്പന നഗരസഭയുടെ കീഴില്‍ പുളിയന്‍മലില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക അറവുശാല നവീകരിക്കാന്‍ നടപടി. ഏതാനും വര്‍ഷങ്ങളായി യന്ത്രങ്ങളുടെ തകരാറും മൂലം പ്രവര്‍ത്തനം നിലച്ച അറവുശാല പുതിയ മെഷനറികള്‍ എത്തിച്ചായിരിക്കും പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതിനായി മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. കോടികള്‍ മുടക്കിയ ആധുനിക അറവുശാല പ്രവര്‍ത്തനരഹിതമായത് നിരവധി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനേ തുടര്‍ന്നാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇത് ചര്‍ച്ചയാവുകയും അടിയന്തരമായി അറവുശാല നവീകരിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തത്. ഇതിനായി 38 ലക്ഷം രൂപക്കാണ് ഡിപിസിയുടെ അംഗീകാരം ലഭിച്ചത്. എന്നാല്‍ മിഷനറികള്‍ അടക്കം മാറ്റിവെക്കുന്നതിന് അതില്‍ കൂടുതല്‍ തുക വേണ്ടിവരും എന്നാണ് കണക്കുകൂട്ടല്‍. ഒപ്പം ഭക്ഷ്യ ഉല്‍പ്പാദന കേന്ദ്രമെന്ന നിലയില്‍ അറവുശാലക്ക് വൃത്തിയും ശുചിത്വവുമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരസഭ തീരുമാനിച്ചു.. ഇതിന്റെ ഭാഗമായാണ് ഈ രംഗത്തെ സര്‍ക്കാര്‍ ഏജന്‍സിയായ മീറ്റ് പ്രൊഡക്ട്‌സ് ഇന്ത്യയുടെ കൂത്താട്ടുകുളം യൂണിറ്റിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. വരുന്ന ദിവസങ്ങളില്‍ അറവുശാലയിലെ ഓരോ യന്ത്രഭാഗങ്ങളും പരിശോധിച്ച് ഉപയോഗപ്രദമായവ ഉള്‍പ്പെടുത്തിയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും നവീകരണത്തിനായുള്ള ഡി പി ആര്‍ തയ്യാറാക്കി നഗരസഭക്കു നല്‍കുകയാണ് സന്ദര്‍ശന ലക്ഷ്യം.
മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ കൂത്താട്ടുകുളം യൂണിറ്റിലെ അസി. എഞ്ചിനീയര്‍ അച്യുത് എന്‍.വി, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ എന്‍.വി എന്നിവരുടെ സംഘത്തോടൊപ്പം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, വൈസ് ചെയര്‍മാന്‍ കെ.ജെ. ബെന്നി, കൗണ്‍സിലര്‍ സോണിയ ജയ്ബി, സെക്രട്ടറി മണികണ്ഠന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






