തൊഴിലുറപ്പില്‍ വ്യാപക ക്രമക്കേട്: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 4 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടു: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍
തൊഴിലുറപ്പില്‍ വ്യാപക ക്രമക്കേട്: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 4 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടു: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ നാല് താല്‍ക്കാലിക ജീവനക്കാരെ കലക്ടര്‍ പിടിച്ചുവിട്ടു. നാലുവര്‍ഷത്തിനിടെ നടന്ന വിവിധ പ്രവൃത്തികളുമായി ബന്ധപ്പെട്ടാണ് 368 ഫയലുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗം ഫയലുകളും ഓഫീസില്‍ നിന്ന് കാണാതായിട്ടുണ്ട്. വിശദമായ അന്വേഷണത്തിനും കലക്ടര്‍ ഉത്തരവിട്ടു. അക്രെഡിറ്റ് എന്‍ജിനീയര്‍ മെഫിന്‍ ജെ എം, ഓവര്‍സിയര്‍ ആര്‍ അമ്പിളി, എബിനൈസര്‍ എബിനി വി, എ സതി എന്നിവര്‍ക്കെതിരെയാണ് നടപടി.
2019 മുതല്‍ കഴിഞ്ഞ ജൂണ്‍ വരെയുള്ള പ്രവൃത്തികളുടെ ഫയലുകള്‍ ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറുടെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ള രേഖകളും ഇല്ലെന്നും കണ്ടെത്തി. പരിശോധനയില്‍ 23 ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. തൊഴിലുറപ്പ് സംബന്ധിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സംസ്ഥാന, ജില്ലാ മിഷനുകളുടെയും ഉത്തരവുകളും നിര്‍ദേശങ്ങളും പാലിക്കുന്നില്ല. പല പ്രവൃത്തികളും പൂര്‍ത്തിയാകും മുമ്പേ പൂര്‍ത്തീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കി. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ക്ക് വേതനം മുടങ്ങുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തില്‍ നഷ്ടമായ തുക നടപടിക്ക് വിധേയരായവരില്‍ നിന്ന് തിരിച്ചുപിടിക്കാനും നടപടിതുടങ്ങി. മസ്റ്റ്‌റോളിലെയും എം ബുക്കിലും രേഖപ്പെടുത്തിയ തുക തമ്മില്‍ വ്യത്യാസമുണ്ട്. ഇതിലൂടെ തൊഴിലാളികള്‍ക്ക് അര്‍ഹതമായ കൂലി നിഷേധിപ്പെടുന്നു.
പിരിച്ചുവിട്ട ജീവനക്കാര്‍ 7 വര്‍ഷമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയ രേഖകള്‍ തിരുവനന്തപുരം തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ക്കും എല്‍എസ്ജിഡി ഇടുക്കി ജോയിന്റ് ഡയറക്ടര്‍ക്കും കൈമാറി. ജീവനക്കാര്‍ സര്‍വീസില്‍ തുടരുന്നത് തൊഴിലുറപ്പ് പദ്ധതികളുടെ നടത്തിപ്പിനെ വിപരീതമായി ബാധിക്കുന്നതിനാല്‍ ഇവരുടെ കരാര്‍ പുതുക്കി നല്‍കുന്നത് ഉചിതമല്ലെന്നും കലക്ടറുടെ ഉത്തരവിലുണ്ട്. ക്രമക്കേടുകള്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ക്ക് തലവേദനയായി. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
What's Your Reaction?






