ഇടുക്കി രൂപതാ നാലാമത് മരിയൻ തീർഥാടനം നടന്നു
ഇടുക്കി രൂപതാ നാലാമത് മരിയൻ തീർഥാടനം നടന്നു

ഇടുക്കി : ഇടുക്കി രൂപതാ നാലാമത് മരിയൻ തീർഥാടനം നടന്നു. രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ നിന്നും രാവിലെ 9.30 ന് ആരംഭിച്ച കാൽനട തീർഥാടനം ഉച്ചകഴിഞ്ഞ് ഒന്നോടെ രാജകുമാരി ദേവാലയത്തിൽ എത്തിച്ചേർന്നു. രാജകുമാരിയിൽ എത്തിയപ്പോൾ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന അർപ്പിക്കപ്പെട്ടു. മറിയം പ്രേഷിത തീർത്ഥാടകയായിരുന്നെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കന്യാത്വത്തിന്റെ സൂക്ഷിപ്പുകാരിയായിരുന്നു മറിയം. മറിയത്തിന്റെ മാതൃകയും മാദ്ധ്യസ്ഥവും നമ്മുടെ കുടുംബങ്ങൾക്ക് കരുത്ത് പകരേണ്ടതുണ്ട്. വിവാഹത്തിൽ ഭാര്യക്ക് ഭർത്താവിന് നൽകാനുള്ള വലിയ സമ്മാനം അവളുടെ കന്യകാത്വമായിരിക്കണം. ഭർത്താവിന് ഭാര്യക്ക് നൽകാനുള്ള സമ്മാനവും അവന്റെ ജീവിതവിശുദ്ധിയായിരിക്കണം. ഈ ബോധ്യങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാൻ കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ.അബ്രാഹം പുറയാറ്റ്, ഫാ.മാത്യു കരോട്ട്കൊച്ചറയ്ക്കൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ.ജോസഫ് മാതാളികുന്നേൽ, ജോർജ് കോയിക്കൽ , ജെറിൻ പട്ടാംകുളം, സെസിൽ ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തീർത്ഥാടനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ഈ വർഷം തീർഥാടനം രണ്ട് ഘട്ടങ്ങളായാണ് നടന്നത്. വെള്ളിയാഴ്ച അടിമാലി സെന്റ്. ജൂഡ് ഫൊറോനാ ദൈവാലത്തിൽ നിന്നും ആരംഭിച്ച പദയാത്ര ആയിരമേക്കർ, കല്ലാർകുട്ടി, വെള്ളത്തൂവൽ, പന്നിയാർകുട്ടി വഴി രാജാക്കാട് എത്തി ചേർന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച തീർഥാ ടനം 30 കിലോമീറ്റർ പിന്നിട്ട് ശനിയാഴ്ച പുലർച്ചേ 12.30 ന് രാജാക്കാട് എത്തി. തുടർന്ന് രാവിലെ 10 ന് ആരംഭിച്ച കാൽനട തീർഥാടനം 10 കിലോമീറ്റർ പിന്നിട്ട് ഉച്ചക്ക് ഒന്നോടെ രാജകുമാരിയിൽ എത്തി.
What's Your Reaction?






