അധികാര പരിധിക്കുള്ളില്‍ സ്വന്തമായി പൊലീസ് സ്റ്റേഷനില്ലാതെ മുല്ലപ്പെരിയാര്‍ സേന
അധികാര പരിധിക്കുള്ളില്‍ സ്വന്തമായി പൊലീസ് സ്റ്റേഷനില്ലാതെ മുല്ലപ്പെരിയാര്‍ സേന

ഇടുക്കി: അധികാര പരിധിക്കുള്ളില്‍ സ്വന്തമായി പൊലീസ് സ്റ്റേഷനില്ലാത്ത ഒരു സേനയുണ്ട് ഇടുക്കിയില്‍. മഴക്കാലമാവുമ്പോള്‍ സുരക്ഷാ ഭീഷണിയും വിവാദങ്ങളുമാവുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസ് സേനയ്ക്കാണ് സ്വന്തമായി സ്റ്റേഷന്‍ ഇല്ലാത്തത്. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തെ തമിഴ്‌നാട് വക ക്വാര്‍ട്ടേഴ്‌സിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 2016ലാണ് മുല്ലപ്പെരിയാര്‍ പൊലീസ് സേനയ്ക്ക് രൂപം നല്‍കിയത്. ഒരു ഡിവൈഎസ്പി, രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 5 എസ്‌ഐമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 124 തസ്തികളുള്ള സേനയില്‍ 65 ഉദ്യോഗസ്ഥരാണ് നിലവിലുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുന്നതോടെ റിസര്‍വോയറിലെ പ്രദേശങ്ങള്‍, അണക്കെട്ട്, ബേബി ഡാം, എര്‍ത്ത് അണക്കെട്ട് സ്പില്‍വേ തേക്കടിയിലെ ഷട്ടര്‍ പ്രദേശങ്ങള്‍ തുടങ്ങിയവയാണ് അധികാര പരിധിയിലുള്ളത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് വഴി കാട്ടുപാതയിലൂടെ 17 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവര്‍ സേവന മേഖലയിലെത്തുന്നത്. പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ സത്രത്തില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ റിസര്‍വ് ഫോറസ്റ്റില്‍ അനധികൃത നിര്‍മാണം നടത്തുന്നുവെന്നാരോപിച്ച് വനംവകുപ്പ് നിര്‍മാണം തടഞ്ഞിരുന്നു. റിസര്‍വ് വനമായി പ്രഖ്യാപിക്കാന്‍ 2017ല്‍ വിജ്ഞാപനം ചെയ്ത സ്ഥലമാണിവിടമെന്നും അവിടെയാണ് അന്ന് ഇടുക്കി ജില്ലാ കലക്ടറായിരുന്ന എച്ച്.ദിനേശന്‍ 2019ല്‍ സത്രത്തില്‍ 50 സെന്റ് സ്ഥലം അനുവദിച്ച് ഉത്തരവിറക്കിയിരുന്നത്. റിസര്‍വ് ഫോറസ്റ്റ് പതിച്ചു നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് അനുമതിയില്ലെന്നറിയിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അന്നുതന്നെ കലക്ടര്‍ക്ക് കത്തയച്ചിരുന്നു.
എന്നാല്‍ കലക്ടര്‍ ഈ വിവരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നില്ല. പൊലീസ് സ്റ്റേഷനായി മാറ്റിയിട്ട സ്ഥലം വൃത്തിയാക്കുന്നതിനു തൊഴിലാളികള്‍ എത്തിയപ്പോള്‍ വനംവകുപ്പ് ഇവരെ തടഞ്ഞു. മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും കേസെടുക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. കാടിനുള്ളിലെ സേവനങ്ങള്‍ക്ക് ശേഷം അല്‍പ്പം വിശ്രമത്തിനും സൗകര്യപ്രദമായ പ്രാഥമികാവശ്യ ങ്ങള്‍ക്കും വണ്ടിപ്പെരിയാറിലെ ഓഫീസിലെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മുല്ലപ്പെരിയാര്‍ സേനയ്ക്ക് സ്വന്തമായി ഒരു പൊലീസ് സ്റ്റേഷന്‍ വേണമെന്നാണ് ആവശ്യം.
What's Your Reaction?






