വണ്ടിപ്പെരിയാര്‍ മ്ലാമല ലാട്രം റോഡ് നിര്‍മാണത്തിന് എസ്റ്റേറ്റ് മാനേജ്‌മെന്റ് തടസം നില്‍ക്കുന്നതായി പരാതി
വണ്ടിപ്പെരിയാര്‍ മ്ലാമല ലാട്രം റോഡ് നിര്‍മാണത്തിന് എസ്റ്റേറ്റ് മാനേജ്‌മെന്റ് തടസം നില്‍ക്കുന്നതായി പരാതി

ഇടുക്കി : വണ്ടിപ്പെരിയാര്‍ മ്ലാമല ലാട്രം പുതുവല്‍ പഴയ പാമ്പനാര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്റ്റേറ്റ് മാനേജ്‌മെന്റ് തടസം നില്‍ക്കുന്നതായി പരാതി. പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020 - 21 ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. റോഡിനായി അനുവദിച്ചതില്‍ നിന്ന് 8 മീറ്റര്‍ വീതിയില്‍ കൂടുതല്‍ എടുത്തുവെന്നാണ് ഉയരുന്ന ആരോപണം. റോഡിനായി വിട്ടുനല്‍കിയ സ്ഥലത്ത് റോഡിലേക്ക് കയറ്റി മുള്ളുവേലി കെട്ടിയതായും പൗരസമിതിയംഗങ്ങള്‍ പറഞ്ഞു. പൗരസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും വിവിധ വകുപ്പുകള്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് റോഡിന് ഏറ്റെടുത്ത സ്ഥലം അളന്ന് കൂടുതല്‍ സ്ഥലം എടുത്തിട്ടില്ലാ എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ മുന്‍ മാനേജ്‌മെന്റ് എസ്റ്റേറ്റ് വിറ്റതിന് ശേഷം പുതിയ മാനേജമെന്റ് കൂടുതല്‍ സ്ഥലം എടുത്തു വെന്നാരോപിച്ച് റോഡ് നിര്‍മാണത്തിന് തടസവാദം ഉന്നയിക്കുന്നതായി കബീര്‍ താന്നിമൂട്ടില്‍ പറഞ്ഞു. റോഡിന്റെ ചില വളവുകളില്‍ വീതി കൂട്ടി നിര്‍മിക്കാത്ത പക്ഷം ചെറുവാഹനങ്ങള്‍ പോലും വളരെ ബുദ്ധിമുട്ടി കടന്നുപോവേണ്ട അവസ്ഥയാണുള്ളത്. ഇത്തരത്തില്‍ ഓരോ തടസവാദങ്ങള്‍ ഉന്നയിച്ച റോഡ് നിര്‍മാണം വൈകിപ്പിക്കുകയാണെന്നും പൗരസമിതിയംഗങ്ങള്‍ പറഞ്ഞു. 8 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിന് പലയിടങ്ങളില്‍ 4 ഉം 5 ഉം മീറ്റര്‍ വീതി മാത്രമാണുള്ളത്. തേങ്ങാക്കല്‍, മ്ലാമല, ചെങ്കര, മൂങ്കലാര്‍ നിവാസികള്‍ക്ക് ദേശീയപാതയില്‍ എളുപ്പമാര്‍ഗം എത്താവുന്ന റോഡ് എത്രയും വേഗം പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






