പരുന്തുംപാറയിലെ ഭൂമി കൈയേറ്റം: 1 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
പരുന്തുംപാറയിലെ ഭൂമി കൈയേറ്റം: 1 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

ഇടുക്കി: പരുന്തുംപാറയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടത്തി ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. ജില്ലയിലെ ഭൂമി കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഐ.ജി കെ. സേതുരാമന്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടറും ഇടുക്കി മുന്‍ കലക്ടറുമായ എച്ച്.ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. പരുന്തുംപാറയിലെ 110 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍ കലക്ടര്‍ ഷീബാ ജോര്‍ജ് സ്ഥലം തിരിച്ചുപിടിക്കാനും ഉത്തരവിട്ടു.
പരിശോധനയില്‍ 41.5 ഏക്കര്‍ കൈയേറ്റഭൂമി തിരിച്ചുപിടിക്കുകയും ഇവിടെ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികളെടുക്കുന്നതിലും നഷ്ടപ്പെട്ട ബാക്കി ഭൂമി കണ്ടെത്തി തിരിച്ചുപിടിക്കുന്നതിലും റവന്യൂ വകുപ്പ് വീഴ്ചവരുത്തി. സര്‍ക്കാര്‍ഭൂമി കൈയേറുന്നവരുടെ പേരില്‍ ലാന്‍ഡ് കണ്‍സര്‍വെന്‍സി നിയമപ്രകാരം കേസെടുക്കണം. എല്‍.സി.കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പൊലീസിന് കൈമാറുകയും അവര്‍ എഫ്.ഐ.ആര്‍. എടുത്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമാണ് വേണ്ടത്. ഇതുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം രൂപവത്കരിച്ച സംഘം ഇടപെട്ടത്. സംഘത്തിലെ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗം നടത്തി. രണ്ടു വില്ലേജുകളിലായി അനുവദിച്ച പട്ടയങ്ങളുടെ ഫയലുകള്‍ പരിശോധിക്കാന്‍ തീരുമാനമായി. ഇതില്‍ ചിലതില്‍ മറ്റൊരു ഭാഗത്തെ സര്‍വേ നമ്പരും വനഭൂമിയുടെ നമ്പറും രേഖപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്. രണ്ടു വില്ലേജുകളിലും നടത്തിയ ഡിജിറ്റല്‍ സര്‍വേയുടെ വിശദാംശങ്ങളും സംഘം ശേഖരിക്കും. ഇതില്‍ നിന്ന് നഷ്ടപ്പെട്ട ഭൂമിയുടെ അളവും കൈയേറിയവരെയും കണ്ടെത്താനാകും. ഒപ്പം വാഗമണ്ണിലെ രണ്ടുവന്‍കിട കൈയേറ്റങ്ങളെ സംബന്ധിച്ചും ഇവിടുത്തെ വ്യാജ പട്ടയത്തെക്കുറിച്ചും അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊന്നത്തടി വില്ലേജിലെ കൈയേറ്റം സംബന്ധിച്ചും സംഘം വിവരം ശേഖരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണവും വേഗത്തിലാക്കും. ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എച്ച്.ദിനേശന്‍ തിരിച്ചെത്തിയ ശേഷം സംഘാംഗങ്ങള്‍ നേരിട്ട് സ്ഥലത്ത് പരിശോധനയും നടത്തും. മൂന്ന് സ്ഥലത്തെയും അന്വേഷണം പൂര്‍ത്തിയാക്കി അടുത്ത മാസം 20ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.
What's Your Reaction?






