ഇടുക്കി: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ റോഡിന് കുറുകെ താഴ്ന്ന് കിടന്ന സര്‍വീസ് വയര്‍ കഴുത്തില്‍ കുടുങ്ങി മധ്യവയസ്‌കന് ഗുരുതര പരിക്ക്. കട്ടപ്പന കുന്തളംപാറ റോഡില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കഴുത്തിനും കാലിനും ഗുരുതര പരിക്കേറ്റ കുന്തളംപാറ മങ്ങാട്ട്തുണ്ടത്തില്‍ ടി എന്‍ സുരേഷ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സര്‍വീസ് വയര്‍ റോഡിന്റെ വശത്തെ മരത്തില്‍ കെട്ടിയിട്ട നിലയിലാണ് കിടന്നിരുന്നതെന്ന് സുരേഷ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസിലും കെഎസ്ഇബി കട്ടപ്പന സെക്ഷന്‍ ഓഫീസിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലായെന്നും കെഎസ്ഇബി അധികൃതര്‍ രമ്യതയില്‍ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചതായും ഇദ്ദേഹം ആരോപിച്ചു. തനിക്കുണ്ടായ നഷ്ടത്തിന് കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് പരിഹാരം നല്‍കണമെന്നാണ് സുരേഷിന്റെ ആവശ്യം.