ഇടുക്കി: കട്ടപ്പന നഗരസഭയില്‍ നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം. കൗണ്‍സില്‍ യോഗത്തിലെ അജണ്ടകള്‍ക്കുമേല്‍ എടുത്ത തീരുമാനങ്ങള്‍ അടക്കം ഭരണസമിതിയുടെ ക്രമക്കേടുകളെയാണ് ചൂണ്ടികാണിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രവര്‍ത്തിക്കാത്ത സ്ഥാപനത്തിനുവേണ്ടി വാടക നല്‍കി ബാധ്യത ഏറ്റെടുക്കുകയാണ് നഗരസഭ. നത്തുകല്ല് വെല്‍നസ് സെന്റര്‍ വാടക നല്‍കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനം ഇത്തരത്തിലുള്ളതാണ്.
നടപ്പാക്കാന്‍ താല്പര്യമില്ലാതെ പ്രവര്‍ത്തനമാണ് നഗരസഭ നടപ്പിലാക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് തണലിടം പദ്ധതിയിലെ തീരുമാനം. 2022 - 23സാമ്പത്തിക വര്‍ഷത്തില്‍ ഫണ്ട് അനുവദിച്ച റോഡുകള്‍ ഇതുവരെയും നിര്‍മിച്ചിട്ടില്ല. കരാറുകാര്‍ ടെന്‍ഡര്‍ എടുക്കാന്‍ കൂട്ടാക്കുന്നില്ലായെന്നാണ് അധികൃതര്‍ തരുന്ന മറുപടി. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ജനപങ്കാളിത്തത്തോടെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പുളിയന്‍മലയിലെ അറവുശാല നവീകരിക്കുന്നതിന് നഗരസഭ വീണ്ടും പണം അനുവദിക്കാന്‍ ഒരുങ്ങുമ്പോഴും നിലവിലെ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. കൂടാതെ ലെഗസി മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നതിന് സമീപത്ത് തന്നെയാണ് അറവുശാലയുടെ പ്രവര്‍ത്തനവും. ഇത് ഓഡിറ്റ് ഒബ്ജക്ഷന്‍ ലംഘിക്കുന്നതിനും കാരണമാകുന്നു. കുന്നുകൂടിയിരിക്കുന്ന ലഗേസി മാലിന്യം നീക്കാനും നടപടിയില്ലായെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.