കോൺഗ്രസ് വ്യാജപ്രചാരണത്തിനെതിരെ സിപിഐ എം നയവിശദീകരണ യോഗം
കോൺഗ്രസ് വ്യാജപ്രചാരണത്തിനെതിരെ സിപിഐ എം നയവിശദീകരണ യോഗം

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പേരില്‍ കോണ്‍ഗ്രസ് നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ സിപിഐ എം കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി നയവിശദീകരണ യോഗം ഇരുപതേക്കറില്‍ നടത്തി. ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ മുടക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതെന്ന് വി ആര്‍ സജി പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ കോടികളുടെ പദ്ധതികള്‍ നടപ്പാക്കിവരുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി കിഫ്ബിയില്‍ നിന്ന് 16 കോടി രൂപ അനുവദിച്ചു. ഡയാലിസിസ് യൂണിറ്റില്‍ 42 പേര്‍ക്ക് ചികിത്സ ലഭ്യമാക്കിവരുന്നു. ഗ്രേ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റിന്റെ ആവശ്യത്തിനായി ഭൂജലവകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 79,238 രൂപ മുതല്‍മുടക്കില്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ചു. ജീവിതശൈലി രോഗചികിത്സാവിഭാഗം ഉടന്‍ ആരംഭിക്കും. കട്ടപ്പന നഗരത്തെ എല്ലാ മേഖലകളിലും പിന്നോട്ടടിക്കുകയാണ് നഗരസഭ ഭരണസമിതിയും യുഡിഎഫ് നേതാക്കളും. മലയോര ഹൈവേ, ജലജീവന്‍ മിഷന്‍ തുടങ്ങിയവ മുടക്കാന്‍ ശ്രമിക്കുകയാണിവര്‍. ഇവരുടെ വ്യാജപ്രചാരണങ്ങളും പ്രഹസന സമരങ്ങളും ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പന ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ എന്‍ വിനീഷ് കുമാര്‍ അധ്യക്ഷനായി. നേതാക്കളായ മാത്യു ജോര്‍ജ്, ടോമി ജോര്‍ജ്, കെ പി സുമോദ്, പൊന്നമ്മ സുഗതന്‍, ലിജോബി ബേബി, ഫൈസല്‍ ജാഫര്‍, എം പി ഹരി, സി ആര്‍ മുരളി, കെ എന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






