ഇടുക്കി: ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാചരണം 13 മുതല്‍ 20 വരെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലിലും 21ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലുമായി നടക്കും. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെയും സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രസ്ഥാനങ്ങളുടെയും സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെയും സ്ഥാപക പിതാവാണു ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ്.
ശ്രാദ്ധാചരണത്തിന്റെ ഭാഗമായി 13ന് കാഞ്ഞിരപ്പള്ളി രൂപതാ വൈസ് ചാന്‍സലര്‍ ഫാ. മാത്യു ശൗര്യംകുഴി, 14ന് ഫാ. തോമസ് കരിവേലിക്കല്‍, 15ന് ഫാ. സിബി അറയ്ക്കല്‍, 16ന് ഫാ. അനില്‍ ഈപ്പന്‍ പുത്തന്‍പറമ്പില്‍, 17ന് ഫാ. ജോണ്‍സന്‍ മുണ്ടിയത്ത്, 18ന് ഫാ. ജോസ്‌മോന്‍ കൊച്ചുപുത്തന്‍പുരയില്‍, 19ന് ഫാ. തോമസ് മണിയാട്ട്, 20ന് ഫാ. ജോസ് മാത്യു പറപ്പളളില്‍ എന്നിവര്‍ ബലിയര്‍പ്പിക്കും.
എല്ലാ ദിവസവും വൈകിട്ട് 5.30ന് സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലില്‍ ദിവ്യബലിയും കബറിടത്തില്‍ പ്രാര്‍ഥനയും നടക്കും. 21ന് വൈകിട്ട് 4.30ന് മാര്‍ ജേക്കബ് മുരിക്കന്‍ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലിലെ കബറിടത്തിലേക്ക് പ്രദക്ഷിണവും പ്രാര്‍ഥനകളും നടക്കും.
1968ല്‍ ജര്‍മനിയില്‍ നിന്ന് കട്ടപ്പനയിലെത്തിയ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ഹൈറേഞ്ചിലെ സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി സെന്റ് ജോണ്‍സ് ആശുപത്രിയും പ്രതീക്ഷാഭവനും സ്ഥാപിച്ചു. 2005 നവംബര്‍ 21ന് അദ്ദേഹം അന്തരിച്ചു. 2014ല്‍ ദൈവദാസനായി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള നാമകരണ നടപടികള്‍ നടന്നുവരുന്നു. 2023ല്‍ നാമകരണ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ കല്ലറ തുറന്നുപരിശോധിച്ചു. ഭൗതികശരീരം സെന്റ് ജോണ്‍സ് സെമിത്തേരിയിലെ കല്ലറയില്‍നിന്ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ചപ്പാലിലേക്ക് മാറ്റി അടക്കംചെയ്തു. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അടുത്തഘട്ടം നാമകരണ നടപടികള്‍ നടന്നുവരുന്നു.