ഉപ്പുതറ ഒമ്പതേക്കറിലെ റവന്യു ഭൂമിയില്‍ അനധികൃത പാറ ഖനനം: നടപടി സ്വീകരിക്കാതെ റവന്യു വകുപ്പ്
ഉപ്പുതറ ഒമ്പതേക്കറിലെ റവന്യു ഭൂമിയില്‍ അനധികൃത പാറ ഖനനം: നടപടി സ്വീകരിക്കാതെ റവന്യു വകുപ്പ്

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കര്‍ അമ്പലമേട്ടിലെ റവന്യു ഭൂമിയില്‍ നിന്ന് വന്‍തോതില്‍ പാറ പൊട്ടിച്ചുകടത്തുന്നതായി ആരോപണം. ഒമ്പതേക്കര്‍ ഹരിതീര്‍ഥപുരം ക്ഷേത്രത്തിന് പിന്നില്‍ ജലജീവന്‍ മിഷനായി മാറ്റിയിട്ട സ്ഥലത്താണ് ഖനനം നടക്കുന്നത്. ഉന്നത ഉദ്യോഗസ്ഥ - രാഷ്ട്രീയ ബന്ധമുള്ള സംഘമാണ് ഇവിടെ പാറഘനനം നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനാല്‍ പരാതിയുണ്ടെങ്കിലും രേഖാമൂലം നല്‍കാന്‍ പ്രദേശവാസികള്‍ക്ക് ഭയമാണ്. ക്ഷേത്രത്തിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതിനും, ഇതിന് സമീപത്തായി ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനുമായിട്ടാണ് ഖനനം നടത്തുന്നതെന്നാണ് പ്രദേശവാസികളോട് പറഞ്ഞിരുന്നത്. ഇക്കാര്യം ക്ഷേത്രം ഭാരവാഹികളും സ്ഥിരീകരിച്ചു. എന്നാല്‍ ഒരുലോഡ് കല്ലുപോലും ക്ഷേത്രത്തിന് നല്‍കിയില്ല. പൊട്ടിച്ച മുഴുവന്‍ കല്ലും ടിപ്പറില്‍ കടത്തിക്കൊണ്ടുപോയെന്നും നാട്ടുകാര്‍ പറഞ്ഞു. മേഖലയിലെ ശുദ്ധജല വിതരണ ടാങ്ക് ഇതിന് സമീപമാണ്. ഇവിടെയാണ് മാരക ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നത്. പാറമടയുടെ ഒരുഭാഗം ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശമാണ് കൂടാതെ സമീപ പ്രദേശങ്ങളിലെ വീടുകള്‍ക്ക് വിള്ളലുകളും ബലക്ഷയവും ഉണ്ടാകുന്നതായും ആരോപണമുണ്ട്. എന്നാല്‍ രേഖാമൂലം പരാതിയില്ലന്ന് പറഞ്ഞ് നടപടി എടുക്കാന്‍ വില്ലേജ് അധികൃതരും പൊലീസും തയ്യാറാകുന്നില്ല.
ലൈഫ് പദ്ധതിയിലനുവദിക്കുന്ന വീട് നിര്‍മിക്കാന്‍ സ്വന്തം ഭൂമിയില്‍ നിന്ന് പാറ പൊട്ടിക്കാന്‍ അനുവാദം നല്‍കാത്ത റവന്യു അധികൃതരാണ് വ്യാവസായിക അടിസ്ഥാനത്തില്‍ റവന്യു ഭൂമിയില്‍ നിന്ന് പാറ പൊട്ടിച്ചിട്ടും നടപടിയെടുക്കാത്തത്. അനധികൃതമായി ഖനനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. അരുണ്‍ പൊടിപാറ പറഞ്ഞു. ഇതിന് കൂട്ടുനില്‍ക്കുന്ന റവന്യു, പൊലീസ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






