ഇടുക്കിയിലെ കര്‍ഷകരെ എക്കാലവും ദ്രോഹിച്ചത് യുഡിഎഫ് സര്‍ക്കാരുകള്‍: സി വി വര്‍ഗീസ്

ഇടുക്കിയിലെ കര്‍ഷകരെ എക്കാലവും ദ്രോഹിച്ചത് യുഡിഎഫ് സര്‍ക്കാരുകള്‍: സി വി വര്‍ഗീസ്

Nov 20, 2024 - 21:47
 0
ഇടുക്കിയിലെ കര്‍ഷകരെ എക്കാലവും ദ്രോഹിച്ചത് യുഡിഎഫ് സര്‍ക്കാരുകള്‍: സി വി വര്‍ഗീസ്
This is the title of the web page

ഇടുക്കി: പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ ഇടുക്കിയിലെ കര്‍ഷകരെ എക്കാലവും ദ്രോഹിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സിഎച്ച്ആര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക, ഇടുക്കി ജനതയോടൊപ്പം നില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച യുവജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎച്ച്ആര്‍ കേസില്‍ കര്‍ഷകപക്ഷത്തുനില്‍ക്കുകയും ഏലമലപ്രദേശം വനമല്ലെന്നും റവന്യു ഭൂമിയാണെന്നും കാട്ടി സത്യവാങ്മൂലം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ പരിസ്ഥിതി സംഘടനയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു. കുടിയിറക്കരുതെന്ന ആവശ്യവുമായി ഈ സംഘടന എംപവേര്‍ഡ് കമ്മിറ്റിയെ സമീപിച്ചതാണ് ഇപ്പോഴത്തെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടാകാനുള്ള കാരണം. വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപിയോ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളോ ഈ സംഘടനയെ തിരുത്താന്‍ തയാറായില്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു.
2002ല്‍ ഏലമല പ്രദേശം വനമാണെന്ന് സ്ഥാപിക്കാന്‍ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ സുപ്രീംകോടതിയില്‍ കേസ് നല്‍കിയതോടെയാണ് സിഎച്ച്ആര്‍ പ്രശ്‌നം സങ്കീര്‍ണമായത്. 1897ലെ വിജ്ഞാപനപ്രകാരം 15,720 ഏക്കര്‍ ഭൂമി മാത്രമേ സിഎച്ച്ആറില്‍ ഉള്‍പ്പെട്ടിട്ടുള്ളൂവെന്ന് എംപവേര്‍ഡ് കമ്മിറ്റിയെ ബോധ്യപ്പെടുത്താനുള്ള അവസരം മുന്‍ ആന്റണി സര്‍ക്കാര്‍ പാഴാക്കി. 2005ല്‍ സിഎച്ച്ആര്‍ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തയാറായില്ല. 2007ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഉപസമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. 2023 ഒക്‌ടോബര്‍ 10നും 2024 മാര്‍ച്ച് 14നും രണ്ട് സത്യവാങ്മൂലങ്ങള്‍ കൂടി ഫയല്‍ ചെയ്തു.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം, 1973ല്‍ കടുവാസങ്കേതങ്ങള്‍, 1980ല്‍ കേന്ദ്ര വനസംരക്ഷണ നിയമം, 1986ല്‍ കേന്ദ്ര പരിസ്ഥിതി സംരക്ഷണനിയമം, 2010ല്‍ ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ കമീഷനുകള്‍, 2012ല്‍ വനമേഖലയ്ക്ക് ചുറ്റും ബഫര്‍ സോണ്‍, കൂടാതെ 1960ലെ ഭൂനിയമം, 1993ല്‍ ഏലം കര്‍ഷകരെ ഒഴിവാക്കിയുള്ള പ്രത്യേക ഭൂപതിവ് നിയമം, 1960 മുതല്‍ യുഡിഎഫ് ഭരണകാലയളവില്‍ ജില്ലയില്‍ നടത്തിയ ഒമ്പത് കുടിയിറക്കുകള്‍ എന്നിവ യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ സംഭാവനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലയെ വൈജ്ഞാനിക ടൂറിസം മേഖലകളില്‍ മുന്നിലെത്തിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എക്കാലവും കര്‍ഷകപക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്, സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, ലിജോബി ബേബി, ഡിവൈഎഫ്‌ഐ നേതാക്കളായ ഫൈസല്‍ ജാഫര്‍, ജോബി എബ്രഹാം, എസ് രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow