എൽഡിഎഫ് സർക്കാരിൻ്റെ ജനദ്രോഹ ഭൂനിയമങ്ങൾക്കെതിരെ യുഡിഎഫ് വിചാരണ സദസ് നടത്തും

എൽഡിഎഫ് സർക്കാരിൻ്റെ ജനദ്രോഹ ഭൂനിയമങ്ങൾക്കെതിരെ യുഡിഎഫ് വിചാരണ സദസ് നടത്തും

Nov 25, 2024 - 21:32
Nov 25, 2024 - 21:52
 0
എൽഡിഎഫ് സർക്കാരിൻ്റെ ജനദ്രോഹ ഭൂനിയമങ്ങൾക്കെതിരെ യുഡിഎഫ് വിചാരണ സദസ് നടത്തും
This is the title of the web page

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭൂനിയമങ്ങള്‍ക്കെതിരെ യുഡിഎഫ് ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വിചാരണ സദസ് നടത്തുമെന്ന് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, പ്രൊഫ എം ജെ ജേക്കബ്, മണ്ഡലം ചെയര്‍മാന്‍ സിജു ചക്കുംമൂട്ടില്‍, കണ്‍വീനര്‍ ജോയി കുടക്കച്ചിറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30ന് വൈകിട്ട് നാലിന് കട്ടപ്പനയിലാണ് ആദ്യ പരിപാടി. ഡിസംബര്‍ 14ന് ആനച്ചാല്‍, 15ന് ഏലപ്പാറ, 21ന് വണ്ണപ്പുറം, 22ന് നെടുങ്കണ്ടം എന്നിവിടങ്ങളിലും സദസ് നടത്തും. 2018 സെപ്റ്റംബര്‍ ആറിന് പുറത്തിറക്കിയ വനം വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും 2022 മെയ് 22ലെ സര്‍ക്കാര്‍ ഉത്തരവിലും 2024 ജൂണ്‍ 12ന് നിയമസഭയിലെ ചോദ്യത്തിന്റെ മറുപടിയിലും സിഎച്ച്ആര്‍ വനഭൂമിയാണെന്ന് അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഈകേസിലെ ഒന്നാംപ്രതിയും തീരുമാനത്തെ പിന്തുണച്ച എം എം മണിയും റോഷി അഗസ്റ്റിനും രണ്ടും മൂന്നും പ്രതികളുമാണെന്നും നേതാക്കള്‍ പറഞ്ഞു.
സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ അമിക്കസ്‌ക്യൂറി അടിസ്ഥാന രഹിതമായ രേഖകള്‍ ഹാജരാക്കിയപ്പോള്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ എതിര്‍ക്കാതെ നിശബ്ദരായിരുന്നത് ഗുരുതര വീഴ്ചയാണ്. കേസില്‍ വാദം നടന്നപ്പോള്‍ രേഖകള്‍ ഹാജരാക്കാതെ വിധി പറയുന്നതിന്റെ തലേദിവസം സത്യവാങ്മൂലം ഫയല്‍ ചെയ്തുവെന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പ്രഹസനം മാത്രമായിരുന്നു. സിഎച്ച്ആര്‍ ഭൂമി റവന്യൂ ഭൂമിയാണെന്നു തെളിയിക്കുന്ന നിലപാട് ഡിസംബര്‍ നാലിന് സുപ്രീംകോടതിയില്‍ ആരംഭിക്കുന്ന വാദത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു. മുമ്പുണ്ടായിരുന്ന യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സിഎച്ച്ആര്‍ റവന്യൂ ഭൂമിയാണെന്നും മരങ്ങളുടെ മേല്‍നോട്ടം മാത്രമാണ് വനംവകുപ്പിനുള്ളതെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
കെട്ടിട നിര്‍മാണ നിരോധനത്തിന്റെ പേരില്‍ ജില്ലയോട് കാട്ടുന്ന അനീതി, ചിന്നക്കനാല്‍, കുഞ്ചിത്തണ്ണി, കുമളി, ആനയിറങ്കല്‍ എന്നീ വില്ലേജുകളിലെ സ്ഥലങ്ങളും മൂവാറ്റുപുഴ ജലസേചന പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത പ്രദേശവും റിസര്‍വ് വനമാണെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന്റെ ഒഴിവാകാനാകില്ല. മതികെട്ടാന്‍ ചോലയുടെ ബഫര്‍ സോണ്‍ ഒരുകിലോമീറ്ററായി പ്രാഥമിക വിജ്ഞാപനം വന്നപ്പോള്‍ അപ്പീല്‍ നല്‍കാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണ്. 2023 ജൂലൈ 29ന് മൂന്നാര്‍ മേഖലയിലെ 13 പഞ്ചായത്തുകളില്‍ ദുരന്തനിവാരണ നിയമം അനുസരിച്ച് ഏര്‍പ്പെടുത്തിയ അശാസ്ത്രീയ കെട്ടിട നിര്‍മാണ നിരോധനം അനാസ്ഥ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ മറച്ചുവയ്ക്കാനാണ് ജില്ലയില്‍ എല്‍ഡിഎഫ് സമരങ്ങളും സദസുകളും സംഘടിപ്പിക്കുന്നത്. നിയമങ്ങളിലൂടെ ജനങ്ങളെ ദ്രോഹിച്ചശേഷം പണപ്പിരിവ് നടത്തിയും പ്രവര്‍ത്തകരെ തെരുവിലിറക്കിയും ജനങ്ങളെ പീഡിപ്പിക്കുന്നത് അപഹാസ്യമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow