തൃശൂരിലെയും പാലക്കാട്ടെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ്- ബിജെപി വോട്ടുകച്ചവടത്തിലൂടെ: എം സ്വരാജ്

തൃശൂരിലെയും പാലക്കാട്ടെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ്- ബിജെപി വോട്ടുകച്ചവടത്തിലൂടെ: എം സ്വരാജ്

Dec 8, 2024 - 03:25
 0
തൃശൂരിലെയും പാലക്കാട്ടെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ്- ബിജെപി വോട്ടുകച്ചവടത്തിലൂടെ: എം സ്വരാജ്
This is the title of the web page

ഇടുക്കി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചപ്പോള്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രത്യുപകാരം ചെയ്തതായും ഇരുപാര്‍ട്ടികളുടെയും വോട്ട് കച്ചവടം പുറത്തായതായും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്കാലവും കോണ്‍ഗ്രസ് ബിജെപിക്കൊപ്പം കൂട്ടുചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിയെ സഹായിച്ചപ്പോള്‍ മറ്റ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെയും സഹായിച്ചു.
മൂന്നാമതും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന ഭയംകൊണ്ടാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസ് ആര്‍എസ്എസ് കൂട്ടുകെട്ട് രാജ്യത്ത് സ്വാതന്ത്ര്യാനന്തര ഘട്ടം മുതലുള്ളതാണ്. സംയുക്ത സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലും ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടും കണ്ടത്. കോണ്‍ഗ്രസിന്റെ 86,000ലധികം വോട്ട് ബിജെപിക്ക് നല്‍കി സുരേഷ് ഗോപിയെ വിജയപ്പിച്ചതിന് പ്രത്യുപകാരമായി ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ട് ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചുനല്‍കി. കോണ്‍ഗ്രസിന്റെ ഒരുകൈ ആര്‍എസ്എസ് ബിജെപിയുടെ തോളിലും മറുകൈ ജമാഅത്ത് ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് വര്‍ഗീയ ശക്തികളുടെ തോളിലുമാണ്. ഇതു മറച്ചുപിടിക്കാനാണ് സിപിഐ എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ അപവാദ പ്രചാരണം നടത്തുന്നത്.
രാജ്യത്തിനാകെ മാതൃകയായി ബദല്‍ നയങ്ങളുമായാണ് എല്‍ഡിഎഫ് ഭരണം മുന്നോട്ടുപോകുന്നത്. കൊച്ചി ഇടമണ്‍ ഹൈവേ, മലയോര, തീരദേശ പാതകള്‍, വാട്ടര്‍ മെട്രോ, കെ റെയില്‍, ഹൈടെക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, 1600 രൂപ പ്രതിമാസ പെന്‍ഷന്‍ തുടങ്ങിയ മാറ്റങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്നും എം സ്വരാജ് പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി അധ്യക്ഷനായി. എം എം മണി എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി ബി ഷാജി, എം സി ബിജു, ടോമി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow