വിടാതെ പിന്തുടര്‍ന്ന് രോഗങ്ങളും ദുരിതങ്ങളും: സുമനസുകളുടെ കാരുണ്യം തേടി പൂപ്പാറ സ്വദേശികളായ ദമ്പതികള്‍
വിടാതെ പിന്തുടര്‍ന്ന് രോഗങ്ങളും ദുരിതങ്ങളും: സുമനസുകളുടെ കാരുണ്യം തേടി പൂപ്പാറ സ്വദേശികളായ ദമ്പതികള്‍

ഇടുക്കി: രോഗങ്ങളുടെയും ദുരിതങ്ങളുടെയും നീരാളിപ്പിടിത്തത്തില്‍നിന്ന് പൂപ്പാറ മുള്ളന്‍തണ്ട് കൊച്ചിക്കാട്ടില്‍ ചെല്ലപ്പനും(48) ഭാര്യ പുഷ്പ(46) യ്ക്കും മോചനം ലഭിക്കണമെങ്കില്‍ സുമനസുകളുടെ സഹായം കൂടിയേ തീരൂ. രോഗബാധിതരായ ഇരുവരും ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. കൂലിപ്പണിക്കാരനായ ചെല്ലപ്പന്‍ എട്ടുവര്‍ഷം മുമ്പ് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് കിടപ്പിലായി. നാളുകള്‍നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഇടതുകാലിന്റെയും ഇടതു കൈയുടെയും ചലനശേഷി ഭാഗികമായി തിരിച്ചുകിട്ടിയെങ്കിലും ജോലിക്ക് പോകാനാകില്ല. പുഷ്പ കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഒരുമാസം മുമ്പ് പുഷ്പയും തളര്‍ന്നുകിടപ്പിലായി. പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ കഴിഞ്ഞുകൂടിയ ഇവരെ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് ആദ്യം രാജകുമാരി ഗവ. ആശുപത്രിയിലും പിന്നീട് തേനി ഗവ. മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
തേനിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മധുര ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ കഴുത്തിലെ അസ്ഥിക്ക് തേയുന്നതും രക്തം കട്ടപിടിക്കുന്നതുമായ അപൂര്‍വ രോഗമാണെന്നു തെളിഞ്ഞു. ഇടുപ്പിലെ അസ്ഥി ശസ്ത്രക്രിയയിലൂടെ കഴുത്തില്‍ വച്ചുപിടിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നാട്ടുകാര്‍ പണംപിരിച്ച് ശസ്ത്രക്രിയ നടത്തി.
രണ്ടാഴ്ച മുമ്പാണ് പുഷ്പയെ വീട്ടിലെത്തിച്ചത്. ചലനശേഷി പൂര്‍ണമായി നഷ്ടപ്പെട്ടു. ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. തുടര്‍ചികിത്സയ്ക്ക് വന്‍തുക ചെലവാകും. നിലവില്‍ ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ല. മൂത്തമകള്‍ ദിവ്യ വിവാഹിതയാണ്. ഇളയ മകള്‍ വിദ്യ രണ്ടുവര്‍ഷം മുമ്പ് തൃപ്പൂണിത്തുറയില്‍ ജോലിക്കുപോകുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചു. ചികിത്സാസഹായം സ്വീകരിക്കാന്‍ പുഷ്പയുടെ പേരില്‍ യൂണിയന്‍ ബാങ്ക് പൂപ്പാറ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 754102010002072. ഐഎഫ്‌സി കോഡ്: യുബിഐഎന്‍ 0575411.
What's Your Reaction?






