റോഡ് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ നടപ്പുവഴി ഇല്ലാതായി: വണ്ടന്‍മേട് സ്വദേശിനിയായ വൃദ്ധ പെരുവഴിയില്‍
റോഡ് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ നടപ്പുവഴി ഇല്ലാതായി: വണ്ടന്‍മേട് സ്വദേശിനിയായ വൃദ്ധ പെരുവഴിയില്‍

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിലെ കുപ്പക്കല്ല്- പഴയ കൊച്ചറ റോഡ് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ നടപ്പുവഴി ഇല്ലാതായതോടെ വൃദ്ധ പെരുവഴിയില്‍. രാജാക്കണ്ടം കുപ്പക്കല്ല് മാമൂട്ടില്‍ ഏലിയാമ്മ ജോസഫാ(75)ണ് സ്വന്തംവീട്ടിലേക്ക് പോകാനാകാതെ വാടകവീട്ടിലും ബന്ധുക്കളുടെ ഭവനങ്ങളിലുമായി കഴിയുന്നത്. വിധവയും രോഗിയുമായ ഏലിയാമ്മ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവന്നിരുന്ന നടപ്പുവഴിയാണ് കെട്ടിയച്ചത്. 2022ല്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച റോഡാണിത്. ഇവിടുത്തെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് നടപ്പുവഴി ഇല്ലാതായത്. നിര്‍മാണവേളയില്‍ പുതിയ നടപ്പുവഴി നിര്‍മിച്ചുനല്‍കാമെന്ന് വാര്‍ഡ് മെമ്പര്‍ ഉറപ്പുനല്‍കിയിരുന്നതായി ഏലിയാമ്മ പറയുന്നു. എന്നാല്‍ നടപടി ഉണ്ടാകാതെ വന്നതോടെ മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റീബില്‍ഡ് കേരളയുടെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വഴി നിര്‍മിച്ചുനല്‍കാമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇവരെ ബന്ധപ്പെട്ടപ്പോള്‍ വണ്ടന്‍മേട് പഞ്ചായത്തിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഫണ്ട് ഇല്ലെന്നാണ് പഞ്ചായത്തിന്റെ വാദം. വീടും 50 സെന്റ് സ്ഥലവും സ്വന്തമായുണ്ടെങ്കിലും ഇവിടേയ്ക്ക് പ്രവേശിക്കാന്‍ മാര്‍ഗമില്ല. പാലത്തിന്റെ അടിവശത്തുകൂടി ഒഴുകുന്ന തോടിനുകുറുകെ നാട്ടുകാര്‍ നിര്‍മിച്ചുനല്‍കിയ താല്‍കാലിക തടിപ്പാലത്തിലൂടെ ഏറെബുദ്ധിമുട്ടിയാണ് വീട്ടിലെത്തുന്നത്. ഇതിനിടെ ചിലര്‍ വീട്ടിലേക്ക് കയറുന്ന നടപ്പാത മുള്ളുവേലി ഉപയോഗിച്ച് കെട്ടിയടച്ചതായും ഏലിയാമ്മ പറഞ്ഞു.
What's Your Reaction?






