വനനിയമഭേദഗതി: ജനങ്ങളെ പീഡിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്ന് ജോയി വെട്ടിക്കുഴി
വനനിയമഭേദഗതി: ജനങ്ങളെ പീഡിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്ന് ജോയി വെട്ടിക്കുഴി

ഇടുക്കി: വന സംരക്ഷണ നിയമ ഭേദഗതിയിലൂടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ കയറൂരിവിട്ട് ജനങ്ങളെ പീഡിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ ഭരണസംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. അറസ്റ്റുവാറന്റ് പുറപ്പെടുവിക്കുവാനുള്ള മജിസ്‌ട്രേറ്റിന്റെ അധികാരം വനംവകുപ്പ് ബീറ്റ് ഓഫീസര്‍ക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്മേല്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ സംരക്ഷണത്തിന് നിയമം ഭേദഗതി ചെയ്യാന്‍ തയ്യാറായ സര്‍ക്കാര്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട 915 കുടുംബങ്ങള്‍, വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റവരുടെ 39484 കുടുംബങ്ങള്‍, കൃഷിയും വളര്‍ത്തുമൃഗങ്ങളെയും നഷ്ടപ്പെട്ട പതിനായിരക്കണക്കിന് കുടുംബങ്ങള്‍ എന്നിവരെ പറ്റി മൗനം പാലിക്കുന്നത് ഖേദകരമാണ്. വന്യമൃഗആക്രമണങ്ങളെ നിയന്ത്രിക്കുന്നതിനുപകരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കിരാത നടപടിയിലൂടെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള നീക്കം തികച്ചും പ്രതിഷേധാര്‍ഹമാണ്. വന്യമൃഗ ആക്രമണങ്ങളുണ്ടായാല്‍ പ്രതിഷേധിക്കുന്നതിനുള്ള ജനങ്ങളുടെ മൗലികാവകാശം ഉദ്യോഗസ്ഥ-ഗുണ്ടാരാജിലൂടെ കവര്‍ന്നെടുക്കുന്നത് പൗരന്മാരുടെ മൗലിക അവകാശങ്ങളുടെമേലുള്ള കടന്നാക്രമണമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആശ്രിതരായി ജീവിക്കുന്ന സാമൂഹ്യവിരുദ്ധരായ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജനങ്ങളുടെ വീടും വാഹനങ്ങളും ബാഗുകളും പരിശോധിക്കുന്നതിനുള്ള അധികാരം നല്‍കിയാല്‍ ജനങ്ങളുടെ സ്ഥിതി വളരെ ദയനീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വനത്തിനുള്ളില്‍ പ്രവേശിക്കല്‍ എന്നിവയ്‌ക്കെതിരെ ജനങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയാല്‍ വനാതിര്‍ത്തികളില്‍ ജനങ്ങള്‍ക്ക് ഒരിക്കലും സമാധാനപരമായി ജീവിക്കാന്‍ സാധിക്കുകയില്ലെന്നും. കരട് ബില്ല് പൂര്‍ണമായും റദ്ദാക്കുന്നതുവരെ സമരപരിപാടികളുമായി മുമ്പോട്ടുപോകുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. വനത്തില്‍ നിന്ന് വിറക്, ഔഷധസസ്യങ്ങള്‍, പുഴയില്‍ നിന്ന് മത്സ്യങ്ങള്‍ എന്നിവയൊക്കെ ശേഖരിച്ച് ജീവിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ മൃഗീയമായി പീഡിപ്പിക്കുന്നതിനുള്ള അവസരം നിയമഭേദഗതിയിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയാണ്. ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സബ്ജറ്റ് കമ്മിറ്റി ബില്ലില്‍ ചേര്‍ക്കുമെന്ന അധികൃതരുടെ വിശദീകരണം മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വാസയോഗ്യമല്ല എന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
What's Your Reaction?






