ഇടുക്കി: റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഇരട്ടയാര്‍ ടണല്‍സൈറ്റ്-കറ്റിയാമല-നാലുമുക്ക് റോഡ് ശനിയാഴ്ച വൈകിട്ട് അഞ്ചിന് നാലുമുക്ക് ജങ്ഷനില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. 200ലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഇരട്ടയാര്‍ പഞ്ചായത്തിലെ പ്രധാനപാത 2.14 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. ഇരട്ടയാര്‍ പഞ്ചായത്തിലെ പ്രധാന സമാന്തരപാതയും ഇതുതന്നെ. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയായി. ഇരട്ടാറില്‍നിന്ന് വേഗത്തില്‍ നാലുമുക്കിലെത്തി തങ്കമണി റൂട്ടിലേക്കും ഏഴാംമൈലില്‍ എത്തി അടിമാലി- കുമളി ദേശീയപാതയിലൂടെ ഇടുക്കി റൂട്ടിലും എത്തിച്ചേരാം. മാസങ്ങള്‍ക്ക് മുമ്പ് ശാന്തിഗ്രാം പാലം അപകടാവസ്ഥയിലായി ഗതാഗതം നിരോധിച്ചപ്പോള്‍ ബസുകള്‍ ഉള്‍പ്പെടെ വഴിതിരിച്ചുവിട്ടത് ടണല്‍സൈറ്റ്- നാലുമുക്ക് റോഡിലൂടെയാണ്. ചടങ്ങില്‍ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനാകും. വൈസ് പ്രസിഡന്റ് രജനി സജി, മുന്‍ പ്രസിഡന്റുമാരായ ജിഷാ ഷാജി, ജിന്‍സണ്‍ വര്‍ക്കി തുടങ്ങിയവര്‍ സംസാരിക്കും.