ഇറക്കത്തില്‍ ബ്രേക്ക് നഷ്ടമായി: ക്രാഷ് ബാരിയര്‍ തകര്‍ത്ത് ബസ് കൊക്കയിലേക്ക്: പുല്ലുപാറ ദുരന്തത്തില്‍ നടുങ്ങി ഇടുക്കി
ഇറക്കത്തില്‍ ബ്രേക്ക് നഷ്ടമായി: ക്രാഷ് ബാരിയര്‍ തകര്‍ത്ത് ബസ് കൊക്കയിലേക്ക്: പുല്ലുപാറ ദുരന്തത്തില്‍ നടുങ്ങി ഇടുക്കി

ഇടുക്കി: കൊട്ടാരക്കര- ദിന്‍ഡിഗല്‍ ദേശീയപാതയില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിനോദയാത്ര സംഘത്തിലെ 4 പേര്‍ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹന്‍, സംഗീത്, ബിന്ദു നാരായണന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 2 പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 6.05 ഓടെയാണ് അപകടം. വിനോദയാത്ര സംഘത്തിലെ 34 പേരും മൂന്ന് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.
മാവേലിക്കരയില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് വാടകയ്‌ക്കെടുത്ത് തഞ്ചാവൂര്‍ ക്ഷേത്രം ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുംവഴിയാണ് അപകടം. ബ്രേക്ക് നഷ്ടമായവിവരം ഡ്രൈവര്‍ യാത്രികരെ അറിയിച്ചിരുന്നു. റോഡരികിലെ ക്രാഷ് ബാരിയര്‍ തകര്‍ത്ത് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. റബ്ബര്‍ മരങ്ങളില്‍ തട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മരിച്ചവര്‍ ബസിന്റെ അടിയില്‍പെട്ടവരാണെന്നാണ് വിവരം. ഇവരുടെ മൃതദേഹങ്ങള്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റുള്ളവര്‍ ഇതേആശുപത്രിയിലും കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലുമായി ചികിത്സയിലാണ്.
What's Your Reaction?






