ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവ് കുരിശുമൂട്- ധര്‍മാവലി റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് തുറന്നു. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും എളുപ്പമാര്‍ഗം പീരുമേട്ടില്‍ എത്താവുന്ന രീതിയില്‍ പാത വിപുലീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി തകര്‍ന്ന കിടന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നമ്പികൈ ഫാമിന്റെ നേതൃത്വത്തില്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിക്കുകയും 600 മീറ്റര്‍ ഭാഗം മൂന്നര മീറ്റര്‍ വീതിയിലും ബാക്കി വരുന്ന 200 മീറ്റര്‍ ഭാഗം 4 മീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തത്. 8 കിലോമീറ്റര്‍ ദൈര്‍ഖ്യം വരുന്ന റോഡിന്റെ ഏതാനും ഭാഗം കൂടി നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ ആദിവാസി മേഖലയായ വള്ളക്കടവ് വഞ്ചി വയലിലെയും എസ്റ്റേറ്റ് മേഖലയായ ധര്‍മാവലിയിലെയും ജനങ്ങള്‍ക്ക് എളുപ്പമാര്‍ഗം പീരുമേട്ടില്‍ എത്തിചേരാന്‍ സാധിക്കും. ഒപ്പം ഗവി സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലും എത്തിച്ചേരുവാന്‍ സാധിക്കും. റോഡിന്റെ ബാക്കി ഭാഗത്തിന്റെ നിര്‍മാണത്തിനായി പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപയുടെ എസ്സിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍ അധ്യക്ഷയായി. ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എസ്.പി. രാജേന്ദ്രന്‍, അഴുത ബ്ലോക്ക് പഞ്ചായത്തംഗം പി.എം നൗഷാദ്, മുന്‍ പഞ്ചായത്തംഗം എസ്. ഗണേശന്‍, സിപിഐഎം വള്ളക്കടവ് ലോക്കല്‍ കമ്മിറ്റിയംഗം എം.വി. വര്‍ഗീസ്, സെക്രട്ടറി എം,ബി ബാലന്‍, നമ്പികൈ ഫാം ചാരിറ്റബിള്‍ സൊസൈറ്റി പ്രോഗ്രാം ഡയറക്ടര്‍ റൂബന്‍ സാമുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.