മകരവിളക്ക്: ജില്ലയില്‍ ഒരുക്കം പൂര്‍ണം
മകരവിളക്ക്: ജില്ലയില്‍ ഒരുക്കം പൂര്‍ണം

ഇടുക്കി: മകരവിളക്ക് ദര്‍ശനത്തിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം. അയ്യപ്പഭക്തര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി കലക്ടര്‍ വി വിഘ്നേശ്വരി പറഞ്ഞു. പുല്ലുമേട് ദുരന്തത്തിനുശേഷം വലിയ രീതിയിലുള്ള ക്രമീകരണങ്ങളാണ് പുലിമേട് പരുന്തുംപാറ പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ മകരവിളക്ക് ദിനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുല്ലുമേട്ടില്‍ സുരക്ഷക്കായി ബാരിക്കേഡ് സംവിധാനം, ആസ്‌കാ ലൈറ്റുകള്‍, കൂടാതെ മറ്റ് വെളിച്ച സംവിധാനം 11 സ്ഥലങ്ങളില്‍ കുടിവെള്ളം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സത്രം വഴി ഉച്ചക്ക് 1 വരെ ഭക്തന്‍മാരെ കടത്തിവിടാനാണ് തീരുമാനം. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് പുല്ലുമേട്ടില്‍നിന്ന് സത്രത്തിലേക്കോ സന്നിധാനത്തിലേക്കോ അയ്യപ്പഭക്തരെ കടത്തിവിടുകയില്ല. ഭക്തരെ കോഴിക്കാനം-വള്ളക്കടവ് വഴി വണ്ടിപ്പെരിയാറില്‍ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസിയുടെ 50 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 9 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 1300 പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. എല്ലാ അയ്യപ്പഭക്തരും പുല്ലുമേട്ടില്‍നിന്ന് ഇറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍നിന്ന് മടങ്ങുകയുള്ളുവെന്നും ഭക്തര്‍ക്ക് ആവശ്യമായ മുഴുവന്‍ സുരക്ഷയും ഒരുക്കുന്നതിന് എല്ലാവിധ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് പറഞ്ഞു. ഗവി വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പത്തനംതിട്ടയില്‍നിന്ന് കൂടാതെ വള്ളക്കടവില്‍നിന്നും സഞ്ചാരികളെ കടത്തിവിടില്ല. പുല്ലുമേട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കൂടിയയോഗത്തില്‍ പീരുമേട് തഹസില്‍ദാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു. അവലോകന യോഗത്തിനുശേഷം ഉദ്യോഗസ്ഥര്‍ പുല്ലുമേട്ടില്‍ സന്ദര്‍ശനം നടത്തു നടത്തി.
What's Your Reaction?






