ലഹരിക്കെതിരെ അണിനിരക്കാന്‍ കൊന്നത്തടി പഞ്ചായത്ത്: പ്രമേയം അവതരിപ്പിച്ചു
ലഹരിക്കെതിരെ അണിനിരക്കാന്‍ കൊന്നത്തടി പഞ്ചായത്ത്: പ്രമേയം അവതരിപ്പിച്ചു
ഇടുക്കി: കൊന്നത്തടി പഞ്ചായത്തില്‍ പുതിയ ഭരണസമിതിയുടെ പ്രഥമ പഞ്ചായത്ത് കമ്മിറ്റിയില്‍ ലഹരിക്കെതിരെ അണിനിരക്കാന്‍ തീരുമാനമെടുത്ത് ഭരണസമിതി. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ലഹരി ഉപയോഗം വര്‍ധിച്ചത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ബിജു വള്ളോംപുരയിടം അവതാരകനായും പഞ്ചായത്തംഗം സി കെ ജിതിന്‍ അനുവാദകനായും ആദ്യ പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ സാമുദായിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പൊലീസ്, എക്സൈസ്, ക്ലബ്ബുകള്‍, വായനശാല എന്നിവരുടെ സഹകരണത്തോടെ കമ്മിറ്റികള്‍ രൂപീകരിച്ച് പഞ്ചായത്ത് പരിധിയില്‍ ബോധവല്‍ക്കരണം നടത്തും. യുവതി-യുവാക്കളെ കായിക വിനോദങ്ങള്‍, വ്യായാമം എന്നിവയില്‍ കൂടുതല്‍ പങ്കാളികളാക്കാന്‍ ശ്രമം നടത്തും. ലഹരിക്ക് അടിമപെട്ടവര്‍ക്ക് കൗണ്‍സിലിങ് ചികിത്സ ഉറപ്പാക്കുമെന്നും കമ്മിറ്റി തീരുമാനിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി ഡിപിസിക്ക് പദ്ധതി സമര്‍പ്പിക്കുമെന്നും ഭരണസമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് സി കെ പ്രസാദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോബി പേടിക്കാട്ട്കുന്നേല്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വള്ളോംപുരയിടം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ജോസ്, പഞ്ചായത്തംഗം ജിതിന്‍ സി കെ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?