പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം: പഞ്ചായത്ത് വൈസ് പ്രസിഡന്റ് 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് 

പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം: പഞ്ചായത്ത് വൈസ് പ്രസിഡന്റ് 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് 

Jan 25, 2025 - 20:53
 0
പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം: പഞ്ചായത്ത് വൈസ് പ്രസിഡന്റ് 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് 
This is the title of the web page
ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡിന്റെ നിര്‍മാണ ജോലികള്‍ കരാറുകാരന്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധത്തിലേക്ക്. ആക്ഷന്‍ കൗണ്‍സലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ കെ ആന്റണി 27 മുതല്‍ കോട്ടയത്തെ റീ ബില്‍ഡ് കേരള ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകളിലായി 1500ലേറെ  കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡ് 2018ലെ പ്രളയകാലത്തിലാണ് തകര്‍ന്നത്. പിന്നീട് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മാണത്തിനായി തുക അനുവദിക്കുകയും 2022 മാര്‍ച്ച് 26ന് നിര്‍മാണോദ്ഘാടനം നടത്തുകയും ചെയ്തു. 270 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ നിര്‍മ്മാണമാരംഭിച്ച് മൂന്ന് വര്‍ഷത്തേളമായിട്ടും ടാറിങ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് സാധിച്ചില്ല. റോഡിന്റെ മണ്‍ജോലികള്‍ നടത്തുകയും മെറ്റല്‍ വിരിക്കുകയും ചില കലുങ്കുകളുടെ നിര്‍മാണം നടത്തുകയും മാത്രമാണ് ചെയ്തത്. ടാറിങ് ജോലികളും ഓട നിര്‍മാണം, ടൈല്‍ വിരിക്കേണ്ട ജോലികള്‍ എന്നിവയാണ് അവശേഷിക്കുന്നത്. റോഡില്‍ ഉറപ്പിച്ച മെറ്റലുകള്‍ ഇളകിയതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ചിക്കണംകുടി സ്‌കൂളിലേക്കുള്ള ഏക സഞ്ചാരമാര്‍ഗം കൂടിയാണിത്. 6 ആദിവാസി ഊരിലെ കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നുത്. കാല്‍നടയാത്രപോലും ദുസഹമായ ഇതിലൂടെയാണ് ആളുകള്‍ ചികിത്സാസംബന്ധമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ യാത്ര ചെയ്യുന്നത്. ഇളകി കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിക്കുന്നത് പതിവാണ്. മുമ്പ് ഈ മേഖലയിലേക്കുണ്ടായിരുന്ന സ്‌കൂള്‍ ബസുകള്‍ റോഡ് യാത്രാ യോഗ്യമല്ലാതായതോടെ സര്‍വീസുകള്‍ നിര്‍ത്തി. നിര്‍മാണ ജോലികളുടെ ബില്ലുകള്‍ മാറി പണം ലഭിച്ചുവെന്നും റോഡിന്റെ നിര്‍മാണം  ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും കരാറുകാരന്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിലേക്ക് കടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്‍, വൈസ് പ്രസിഡന്റ് അനില്‍ കെ ആന്റണി, പഞ്ചായത്തംഗങ്ങളായ റിനേഷ് തങ്കച്ചന്‍, എ കെ സുധാകരന്‍, റോഡ് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ജിസ് തങ്കപ്പന്‍, സെബാസ്റ്റ്യന്‍ തോമസ്, എ കെ ശശികുമാര്‍, വിശാലം മുരളി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow