ഇടുക്കി: സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പും വണ്ടിപ്പെരിയാര്‍ പഞ്ചായത്തും ചേര്‍ന്ന് അക്ഷയ ബിഗ് ക്യാമ്പെയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതി ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ ഉദ്ഘാടനം ചെയ്തു. ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമൂലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് അവ ലഭിക്കുന്നതിനായി സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ് അക്ഷയ ബിഗ് ക്യാമ്പെയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വള്ളക്കടവ്, വഞ്ചി വയല്‍, സത്രം മേഖലകളിലെ ആദിവാസി വിഭാഗങ്ങള്‍ക്കാവശ്യമായ രേഖകള്‍ നല്‍കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് ശ്രീരാമന്‍ അധ്യക്ഷനായി. ഐഐഡിപി ഇടുക്കി പ്രോജക്ട് ഓഫീസര്‍ ജി. അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. സെല്‍വത്തായി, പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, പഞ്ചായത്തംഗം സുമിത്ര മനു, സെക്രട്ടറി മധു മോഹന്‍, വാഴൂര്‍ സോമന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എം. ഗണേശന്‍, വഞ്ചിവയല്‍ ആദിവാസി നഗര്‍ ഊര് മൂപ്പന്‍ അജയന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ തെരഞ്ഞെടുപ്പ് ദിനത്തോടനുബന്ധിച്ച് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തു.