ഇരവികുളം ദേശീയോദ്യാനത്തിലെ അഴിമതി അന്വേഷിക്കണം: കോണ്‍ഗ്രസ് ഉപരോധം 19ന്
ഇരവികുളം ദേശീയോദ്യാനത്തിലെ അഴിമതി അന്വേഷിക്കണം: കോണ്‍ഗ്രസ് ഉപരോധം 19ന്

ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തിലെ അനധികൃത നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് കമ്മിറ്റി 19ന് ഇരവികുളം ദേശിയോദ്യാനം ഉപരോധിക്കും. കോടികള്‍ വരുമാനമുള്ള ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ക്രമക്കേട് നടത്തുന്നു, ദേശീയ ഉദ്യാനത്തില്‍പെട്ട രാജമലയിലും ലക്കത്തും ഇടതുപക്ഷ പ്രവര്‍ത്തകരെ മാത്രമാണ് ജോലിക്കായി നിയമിക്കുന്നത്, രാജമലയില്‍ പാര്‍ട്ടി ഗ്രാമം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നു തുടങ്ങിയ ആരോപണങ്ങളുയര്‍ത്തിയാണ് ഉപരോധം. പാര്‍ക്കിങ് ഇല്ലാത്തതിനാല്‍ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലാണ് സഞ്ചാരികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് ഈ റോഡില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. രാജമലയിലെ പ്രധാന റോഡില്‍ ഇനി മുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ തടയുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, ബ്ലോക്ക് പ്രസിഡന്റ് എസ് വിജയകുമാര്‍, വൈസ് പ്രസിഡന്റ് എ ആന്‍ഡ്രൂസ്, മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






