ഇടുക്കി: നാടെങ്ങും ആവേശമായി റിപ്പബ്ലിക് ദിനാഘോഷം. ജില്ലാതല ആഘോഷം ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. ഏതു പ്രതികൂലസാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നും എല്ലാ രംഗങ്ങളിലും ഭാരതം നേടുന്ന വളര്‍ച്ചക്കൊപ്പം കേരളവും ലോകശ്രദ്ധ പിടിച്ചുപറ്റി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. 20 പ്ലാറ്റൂണുകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നു. പൊലീസ്, വനംവകുപ്പ്, എക്സൈസ്, ഫയര്‍ഫോഴ്സ്, എന്‍സിസി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ കട്ടപ്പന ഗവ. കോളേജ്, കുളമാവ് നവോദയ വിദ്യാലയം, പൈനാവ് എംആര്‍എസ്, വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്എസ്, പഴയരിക്കണ്ടം ജിഎച്ച്എസ്എസ്, കഞ്ഞിക്കുഴി എസ്എന്‍ എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുത്തു. കലക്ടര്‍ വി. വിഗ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് എന്നിവരും രാഷ്ട്രീയ, സാമൂഹിക, രംഗത്തെ പ്രമുഖരും പങ്കെടുത്തു.