ഇടുക്കി: മുറിഞ്ഞപുഴയില്‍ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടാക്കിയ പിക്കപ്പ് ഡ്രൈവറെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി റാസിംഗപുരം സ്വദേശി സുരേഷിനെ(34) തേനിയില്‍നിന്നാണ് പിടികൂടിയത്. കൊട്ടാരക്കര ദിന്‍ഡിഗല്‍ ദേശീയപാതയില്‍ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനുസമീപം കഴിഞ്ഞ 19നാണ് അപകടമുണ്ടായത്. ബൈക്കില്‍ പിക്കപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ മുറിഞ്ഞപുഴ പുന്നക്കല്‍ വിഷ്ണു മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിക്കാതെ സുരേഷ് വാഹനവുമായി കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ് വഴിയില്‍കിടന്ന യുവാവിനെ മറ്റ് വാഹനങ്ങളിലെത്തിയവരും നാട്ടുകാരുംചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സിസി ടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇടിച്ച വാഹനം തിരിച്ചറിഞ്ഞത്. അപകടത്തിനുശേഷം പിക്കപ്പ് തമിഴ്‌നാട്ടിലെത്തിച്ച് പെയിന്റ് ചെയ്തതായും കണ്ടെത്തി. പീരുമേട് എസ്എച്ച്ഒ ഗോപി ചന്ദ്രന്‍, എസ്‌ഐ ജേക്കബ് രാജു ജോസ്, സിപിഒമാരായ ഷിജുമോന്‍, പ്രമോദ് എന്നിവരാണ് അന്വേഷണം നടത്തിയത്.